
ദുബായ് : നിയമങ്ങളിൽ അണുവിട വിട്ടുവീഴ്ച വരുത്താൻ സമ്മതിക്കാത്ത ദുബായ് പൊലീസ്, അവരുടെ പ്രവൃത്തിയുടെ കൃത്യതകൊണ്ട് ഏറെ പ്രശംസ നേടിയിട്ടുള്ളവരാണ്. ഇപ്പോഴിതാ യുഎഇ ദേശീയ ദിനത്തിൽ കുടുംബങ്ങൾക്ക് ബേബി കാർ സീറ്റുകൾ സമ്മാനിച്ചാണ് അവർ മാതൃകയാവുന്നത്. ഈ പദ്ധതി നടപ്പിലാക്കാൻ ദുബായ് പൊലീസിനൊപ്പം റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി (ആർടിഎ), ദുബായ് ഹെൽത്ത് അതോറിട്ടി (ഡിഎച്ച്എ) തുടങ്ങിയവരുംഉണ്ടായിരുന്നു. പൊതുസ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജനിച്ച 450ലധികം കുഞ്ഞുങ്ങൾക്കാണ് ബേബി കാർ സീറ്റുകൾ സമ്മാനിച്ചത്. 50ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഈ സംരംഭം.
ജനനം മുതൽ നാല് വയസ് ആകുന്നത് വരെ കുട്ടികൾക്ക് ഈ കാർ സീറ്റുകൾ ഉപയോഗിക്കാം. റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും കാർ സീറ്റുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ആളുകളെ ബോധവത്കരിക്കാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. 2021 ന്റെ രണ്ടാം പകുതിയിൽ അറ്റ്ലസ് വേൾഡ് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, റോഡ് ഗുണനിലവാരത്തിന്റെ മേഖലയിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്തെത്തിയതായി ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ മൈത ബിൻ അദായ് അഭിപ്രായപ്പെട്ടു.

വാഹനത്തിൽ ബേബി കാർ സീറ്റുകളും സീറ്റ് ബെൽറ്റുകളും ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റിയൂട്ട്, എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപ്പറേഷൻ (ഇമറാത്ത്), ബേബി ഷോപ്പ് ഗ്രൂപ്പ് എന്നിവരും ഈ സംരംഭത്തിൽ പങ്കാളികളായി.