dfgdfgfg

ന്യൂയോർക്ക് : ശക്തമായ വാക്സിൻ വിരുദ്ധ നിലപാടെടുത്ത യു.എസ് ചാനൽ ഉടമ കൊവിഡ് ബാധിച്ച് മരിച്ചു. ഡേസ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക് സ്ഥാപകനും സി.ഇ.ഒ യുമായ മാർകസ് ലാംബ് (64) ആണ് രോഗം സ്ഥിരീകരിച്ച് ആഴ്ചകൾക്കുള്ളിൽ മരണമടഞ്ഞത്. മാർകസിന്റെ മരണം ചാനൽ തന്നെയാണ് ട്വിറ്റർ വഴി അറിയിച്ചത്. 'ശത്രുവിൽ നിന്നുള്ള ആത്മീയ ആക്രമണം' എന്നാണ് മാർകസിന്റെ മകൻ ജോനാഥൻ ലാംബ് തന്റെ പിതാവിന്റെ രോഗവിവരത്തെപ്പറ്റി പ്രതികരിച്ചത്. കഴിഞ്ഞ ആഴ്ച മാർകസിന്റെ ഭാര്യയും മകനും പിതാവിന്റെ രോഗശമനത്തിനായി പ്രാർത്ഥിക്കാൻ ഏവരോടും ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തിരുന്നു. കൊവിഡ് വാക്സിനേഷനെതിരെ ശക്തമായ പ്രചാരണം നടത്തിയിരുന്ന ചാനലാണ് ഡേസ്റ്റാർ. വാക്സിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിന് പ്രമുഖ സമൂഹ മാദ്ധ്യമങ്ങൾ വിലക്കുന്ന വ്യക്തികൾക്ക് ഈ ചാനലിലൂടെ തങ്ങളുടെ നിലപാടുകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. ലോക്ക്ഡൗൺ, വാക്സിനേഷൻ എന്നിവയ്ക്കെതിരായ പരിപാടികൾ മണിക്കൂറുകളോളം പ്രക്ഷേപണം ചെയ്യുന്ന ചാനലാണ് ഡേസ്റ്റാർ. തങ്ങളുടെ ചാനലിന് ആഗോള തലത്തിൽ 200 കോടി പ്രേക്ഷകരുണ്ടെന്നാണ് ഇവരുടെ വാദം.