sudha-bharedwaj

മുംബയ്: ഭീമകൊറെഗാവ് കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ജയിൽ കഴിയുന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

എന്നാൽ സുധ ഉടൻ ജയിൽമോചിതയാവില്ല. ഡിസംബർ എട്ടിന് സുധയെ പ്രത്യേക എൻ.ഐ.എ. കോടതിയിൽ ഹാജരാക്കും. ജാമ്യവ്യവസ്ഥകളിൽ തീർപ്പാക്കിയതിന് ശേഷം മാത്രമേ അവരെ മോചിപ്പിക്കുകയുള്ളൂ. 2018 ലാണ് കേസിൽ സുധാ ഭരദ്വാജ് അറസ്റ്റിലാകുന്നത്.

വെർണൻ ഗോൺസാൽവസ്, അരുൺ ഫെരേര, റോണ വിൽസൺ, വരവര റാവു എന്നിവർ ഉൾപ്പെടെ എട്ടുപേർ കൂടി സ്വാഭാവിക ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളി.

2018 ജനുവരി ഒന്നിന്, ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലെ സംഘർഷമാണ് കേസിന് ആധാരം. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എൻ.ജെ. ജമാദാർ എന്നിവരുടെ ബെഞ്ചാണ് സുധയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ആഗസ്റ്റ് നാലിന് വാദം പൂർത്തിയായെങ്കിലും വിധി പറയുന്നത് നീട്ടിവച്ചു. എൻ.ഐ.എ സുധയുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.