mohanlal

കേരളം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തിയേറ്റർ റിലീസാണ് മരക്കാറിലൂടെ സംഭവിക്കാൻ പോകുന്നത്. ഒടിടിയിലേക്ക് പോകുമെന്ന് കരുതിയ ചിത്രം ഏറെ വിവാദങ്ങൾക്കൊടുവിലാണ് തിയേറ്റർ റിലീസിലേക്ക് മടങ്ങിയെത്തിയത്.

ഇപ്പോഴിതാ, മറ്റൊരു ആകാംക്ഷയിലാണ് മോഹൻലാൽ ആരാധകർ. കൗമുദി ടിവിയ‌്ക്ക് നൽകിയ അഭിമുഖത്തിൽ ഇന്ന് രാത്രി 12.01ന് താനും കുടുംബവും തിയേറ്ററിൽ എത്തി സിനിമ കാണുമെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ആ തിയേറ്റർ ഏതാണെന്ന ആകാംക്ഷയാണ് പ്രേക്ഷകരിൽ നിറഞ്ഞുനിൽക്കുന്നത്. പലരും പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് പങ്കുവയ‌്ക്കുന്നത്. എന്തായാലും കാത്തിരിപ്പിന് മണിക്കൂറുകളുടെ ആയുസുമാത്രം അവശേഷിപ്പിച്ച് മരക്കാറും ലാലേട്ടനും തിയേറ്ററിൽ എത്തുമെന്ന് തീർച്ച.