cd

കൊച്ചി: മകളെ ശല്യം ചെയ്‌ത യുവാവിനെ താക്കീത് ചെയ്‌ത പിതാവിനെ സംഘംചേർന്ന് കുത്തി പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. നെട്ടൂർ സ്വദേശി റഫീക്കിനെ കുത്തിപരിക്കേൽപിച്ച സംഘത്തിൽ മുഖ്യപ്രതി ജിൻഷാദാണ് പിടിയിലായത്. കേസിലെ രണ്ടാംപ്രതിയായ അഫ്സൽ മുൻപ് പിടിയിലായിരുന്നു. എന്നാൽ മൂന്നാംപ്രതിയ്‌ക്കായി തിരച്ചിൽ നടക്കുകയാണ്.

തന്റെ മകളെ ശല്യം ചെയ്‌തതിന് പ്രദേശവാസിയായ ഇർഷാദ് എന്ന യുവാവിനെ റഫീക്ക് താക്കീത് ചെയ്‌തിരുന്നു. ഇതിന് പ്രതികാരമായി ആളെകൂട്ടിയെത്തിയ ഇർഷാദ് വിവാഹസൽക്കാര ചടങ്ങിൽവച്ച് റഷീദുമായി തർക്കമായി. ശനിയാഴ്‌ രാത്രിയായിരുന്നു സംഭവം. തുടർന്ന് പ്രതികൾ റഫീക്കിനെ തലയിലും ദേഹത്തും കുത്തിയത്.

സംഭവത്തിൽ പ്രദേശത്തെ ജനങ്ങൾ വലിയ പ്രതിഷേധമുയർത്തിയതോടെ രണ്ടാംപ്രതി അഫ്സലിനെ പൊലീസ് പിടിച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും ബൈക്കും പൊലീസ് കണ്ടെത്തി. മൂന്നാമനായി അന്വേഷണം നടക്കുകയാണ്.