
ന്യൂഡൽഹി: കർഷക പ്രതിഷേധത്തെതുടർന്ന് കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. ശീതകാലസമ്മേളനം പാസാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.
ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്റിന്‍റെ ഇരുസഭകളും മിനിട്ടുകൾക്കകം പാസാക്കിയത്. ചർച്ച കൂടാതെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെതിരെ സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു.എ ന്നാൽ നിയമങ്ങൾ പിൻവലിക്കുന്നതെന്തിനെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിനാൽ ചർച്ച വേണ്ടെന്നുമായിരുന്നു കേന്ദ്രനിലപാട്.
കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ട് മാസവുമാകുമ്പോൾ നവംബർ 19-നാണ് മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുള്‍പ്പെട്ട സിഖ് സമുദായത്തിന് പ്രാധാന്യമുള്ള ഗുരുനാനാക്ക് ജയന്തി ദിനത്തിലായിരുന്നു ഈ പ്രസ്താവന. . നിയമങ്ങൾ പിന്‍വലിക്കില്ലെന്ന് ആദ്യം ഉറച്ച നിലപാടെടുത്ത കേന്ദ്രം ഉത്തര്‍ പ്രദേശിലും പഞ്ചാബിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.