narendra-modi

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറുന്നുവെന്ന് വ്യക്തമാക്കി നടപ്പുവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ ഇന്ത്യ 8.4 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളർച്ച നേടി. 2020-21ലെ സമാനപാദത്തിൽ വളർച്ച നെഗറ്റീവ് 7.4 ശതമാനമായിരുന്നു.

നടപ്പുവർഷത്തെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യ 20.1 ശതമാനം വളർന്നിരുന്നു.

സ്വകാര്യ ഉപഭോഗം, മാനുഫാക്‌ചറിംഗ്, നിർമ്മാണം, കാർഷികം, സർക്കാർ ചെലവുകൾ എന്നിവയുടെ മെച്ചപ്പെട്ട പ്രകടനമാണ് നേട്ടമായത്.

ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ബഹുമതി നിലനിറുത്താനും കഴിഞ്ഞു. ചൈന, അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നിവയുടെ സെപ്‌തംബർ പാദ വളർച്ച ഇന്ത്യയെക്കാൾ കുറവാണ്.