mourya

ല‌ക്‌നൗ: അയോദ്ധ്യയിൽ ബാബ്‌റി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനം അടുത്തിരിക്കെ, ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ ക്ഷേത്രം നിർമിക്കുന്നതിന് തയാറെടുപ്പുകൾ തുടങ്ങിയെന്ന് യു.പി ഉപമുഖ്യമന്ത്രി. 'അയോദ്ധ്യയിലും കാശിയിലും ക്ഷേത്ര നിർമാണം നടക്കുന്നു. മഥുരയിൽ തയാറെടുപ്പുകൾ പുരോഗമിക്കുന്നു.' കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു.

യു.പി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണിത്.

അഖില ഭാരത് ഹിന്ദു മഹാസഭയുടെ മഥുരയിലേക്കുള്ള റാലി പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മൗര്യയുടെ ട്വീറ്റ്. ഷഹി ഇദ്ഗാ എന്ന മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നത് കൃഷ്ണജന്മഭൂമിയെന്ന് കരുതപ്പെടുന്ന സ്ഥലത്തിന് തൊട്ടടുത്താണ്. റാലിക്ക് ശേഷം ഷഹി ഇദ്ഗായിൽ ഒരു കൃഷ്ണ വിഗ്രഹം സ്ഥാപിക്കാനും ചില പൂജ കർമങ്ങൾ നടത്താനും ഹിന്ദു മഹാസഭ തീരുമാനിച്ചിരുന്നു.

കൃഷ്ണജന്മഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് മഥുരയിലെ ഒരു സിവിൽ കോടതിയിൽ കഴിഞ്ഞ വർഷം സമർപ്പിച്ച ഹർജി തള്ളിയിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് കൃഷ്ണക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്തുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള മുസ്ലിം ആരാധാനാലയം മാറ്റി സ്ഥാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ മഥുരയിൽ ഒരു തരത്തിലുള്ള ആൾക്കൂട്ടവും അനുവദിക്കില്ലെന്ന് യു.പി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.