kunjalimarakkar-history

മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തു മ്പോൾ സിനിമാപ്രേമികളും തിരയുന്നത് ഈ മരയ്ക്കാർമാരെ പറ്റിയാണ്. യഥാർത്ഥത്തിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ. എത്ര കുഞ്ഞാലി മരയ്ക്കാർമാരാണ് ചരിത്രത്തിൽ ഉണ്ടായിരുന്നത്.

പോർച്ചുഗീസുകാരുടെ നാവിക സ്വേച്ഛാധിപത്യത്തിന് എതിരായി പോരാടിയ കുഞ്ഞാലിമാരുടെ നേട്ടങ്ങൾ മലബാറിന്റെ ചരിത്രത്തിൽ മഹത്തായ ഒരദ്ധ്യായമാണ്. ഈ പടനായകൻമാരുടെ ജീവിതങ്ങൾ മലബാറിനാകെത്തന്നെ മഹത്വവും അഭിമാനവും പകരുന്നു. കുഞ്ഞാലിമരയ്ക്കാർമാരെ കുറിച്ച് ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെയാണ്.


കുഞ്ഞാലിമരയ്ക്കാർമാരുടെ ഉത്ഭവത്തെ പറ്റി ചരിത്രഗവേഷകർക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഇവർ പന്തലായനിക്കൊല്ലത്തുകാരാണെന്നും പൊന്നാനിക്കാരാണെന്നും ചിലർ പറയുന്നു. എന്നാൽ അവർ കൊച്ചിയിലെ കടൽകച്ചവടക്കാരായിരുന്നുവെന്നും പോർച്ചുഗീസുകാർ കൊച്ചിയിൽ വന്ന് കൊച്ചിരാജാവുമായി അടുപ്പമുണ്ടാക്കിയപ്പോൾ അവിടെ നിന്ന് കോഴിക്കോട്ടേക്കു വരികയും സാമൂതിരിയുടെ അടുത്ത ആളുകളാകുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം.


നാവികയുദ്ധ വിദഗ്ദ്ധരും തന്റെ വിശ്വസ്തരുമായ മരയ്ക്കാർമാർക്ക് 'കുഞ്ഞാലി' എന്ന സ്ഥാനപ്പേര് നല്കിയത് സാമൂതിരിയാണ്. 'കുഞ്ഞാലി' എന്നാൽ പ്രിയപ്പെട്ട അലി എന്നാണർത്ഥം. 'മരയ്ക്കാർ' എന്നതൊരു കുടുംബപേരാണ്. സംഘംകൃതികളിൽ കപ്പലിന് 'മരക്കലം' എന്നും പേരുണ്ട്. 'മരയ്ക്കാർ' എന്നാൽ മരക്കലത്തിന്റെ സാരഥി അഥവാ ക്യാ്ര്രപൻ. 'മരയ്ക്കാർ' എന്നാൽ 'മാർഗത്തിൽ ചരിക്കുന്നവൻ' അഥവാ സത്യവിശ്വാസി എന്നും അർത്ഥം കല്പിക്കുന്നു.


മരയ്ക്കാർമാരിൽ പ്രമുഖരായ നാലുപേരാണ് സാമൂതിരിയുടെ നാവികസേനയുടെ തലവൻമാരായി ഉണ്ടായിരുന്നത്. ഇന്ത്യൻ നാവികയുദ്ധ ചരിത്രത്തിൽ പോർച്ചുഗീസുകാർക്കെതിരായ യുദ്ധം യഥാർത്ഥത്തിൽ പോർച്ചുഗീസ്‌കുഞ്ഞാലിമരയ്ക്കാർ നാവികയുദ്ധം തന്നെയായിരുന്നു.

ഏകദേശം ഒരു നൂറ്റാണ്ട്, 1500 മുതൽ 1600 വരെ , രാജ്യത്തെ വൈദേശിക മേധാവിത്വത്തിൽനിന്നും മോചിപ്പിക്കാൻ പോരാടിയ ധീരനായ പോരാളികളുടെ കുടുംബമാണ് കുഞ്ഞാലിമരയ്ക്കാർമാരുടേത്.


അതിൽ ആദ്യത്തെ പോരാളിയായിരുന്നു കുഞ്ഞാലി ഒന്നാമൻ. നേരിട്ടുള്ള ഏറ്റുമുട്ടലിനുപകരം മിന്നലാക്രമണം നടത്തി അടിച്ചിട്ടോടുക, ഹിറ്റ് ആന്റ് റൺ എന്ന തന്ത്രമാണ് കുഞ്ഞാലി സ്വീകരിച്ചത്. പിൽക്കാലത്ത് ഇന്ത്യൻ നേവിയുടെ സിലബസിൽ കുഞ്ഞാലി തന്ത്രം (Kunjali Tactics) എന്ന പേരിലാണ് ഇതറിയപ്പെട്ടത്. കുഞ്ഞാലിയുടെ പത്തേമാരികൾ കടലിനുള്ളിലേക്ക് പാഞ്ഞെത്തി പോർച്ചുഗീസ് കപ്പലുകൾ നശിപ്പിച്ച് ആഴമില്ലാത്ത സ്ഥലങ്ങളിലേക്ക് രക്ഷപ്പെട്ടു. 1539ൽ സിലോൺ തീരത്തെ വിതുലയിൽവെച്ച് പോർച്ചുഗീസുകാരുടെ ആക്രമണത്തിൽ കുഞ്ഞാലി ഒന്നാമൻ രക്തസാക്ഷിത്വം വരിച്ചു.


കുഞ്ഞാലി ഒന്നാമന്റെ മരണത്തോടെ, യുവാവായ കുഞ്ഞാലി രണ്ടാമൻ സൈന്യാധിപന്റെ സ്ഥാനമേറ്റെടുത്തു. കുഞ്ഞാലി രണ്ടാമൻ പോർച്ചുഗീസുകാർക്ക് ഒരു പേടി സ്വപ്നമായിരുന്നു. കുട്ടി അഹമ്മദ് മരയ്ക്കാർ, അലി ഇബ്രാഹിം മരയ്ക്കാർ, പാപ്പാച്ചി മരയ്ക്കാർ, ഹസ്സൻ മരയ്ക്കാർ തുടങ്ങിയവരായിരുന്നു രണ്ടാമന്റെ പിൻബലം. . ഒരു വർഷം കൊണ്ട് അൻപതോളം പോർച്ചുഗീസ് കപ്പലുകളാണ് രണ്ടാമന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്. 1571ൽ സാമൂതിരിയുടെ കാലാൾപ്പടയും കുഞ്ഞാലി നേതൃത്വം നല്കുന്ന നാവികപ്പടയും ചാലിയം കോട്ട ഉപരോധിച്ച് പൂർണമായും തകർത്തു. കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ നാവികസൈന്യത്തെ ശക്തിപ്പെടുത്തുകയും പോർച്ചുഗീസുകാരെ വെല്ലുവിളിച്ച് നാവിക യുദ്ധത്തിൽ തോൽപ്പിക്കുകയും ചെയ്തു. പരാജിതരെ വധിക്കാതെ വിട്ടയച്ച വിശാല മനസ്‌കനായിരുന്നു കുഞ്ഞാലി രണ്ടാമൻ.

ചാലിയം കോട്ട തകർക്കുന്നന്നതിൽ മുഖ്യപങ്കുവഹിച്ച 'പട മരയ്ക്കാർ'ക്ക് സാമൂതിരി, കുഞ്ഞാലി മൂന്നാമൻ എന്ന പദവി നല്കി. സാമൂതിരിയുടെ അനുവാദത്തോടെ കുഞ്ഞാലി, അകലാപ്പുഴയുടെ തീരത്ത് പുതുപ്പണത്ത് മരയ്ക്കാർകോട്ട പണിതു. പറങ്കിപ്പടയ്ക്ക് കുഞ്ഞാലി മൂന്നാമൻ വലിയ ഭീഷണിയായി. അദ്ദേഹത്തിന്റെ കപ്പലുകൾ പേർഷ്യൻ ഉൾക്കടൽ മുതൽ ശ്രീലങ്ക വരെയുള്ള സമുദ്രത്തിൽ പൂർണമായും ആധിപത്യമുറപ്പിച്ചു. പോർച്ചുഗീസുകാരോടു നേരിട്ട് ഏറ്റുമുട്ടാതെ മുൻഗാമികൾ ചെയ്തതുപോലെ ആക്രമിച്ച് കടന്നുകളയുക എന്ന തന്ത്രം തന്നെയായിരുന്നു കുഞ്ഞാലിയുടേത്. . 1594ൽ കുഞ്ഞാലി പന്തലായനിയിൽവെച്ച് പോർച്ചുഗീസുകാരെ തോല്പിച്ചു. യുദ്ധവിജയം ആഘോഷിക്കാൻ നാട്ടുകാർ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിലേക്ക് കപ്പലിറങ്ങിവരുമ്പോഴുണ്ടായ വീഴ്ചയാണ് ആ നാവിക പടത്തലവന്റെ മരണകാരണം.


പടമരയ്ക്കാരുടെ മരണശേഷം കുഞ്ഞാലി നാലാമൻ കോട്ടയ്ക്കൽ കോട്ടയുടെ അധിപനും സാമൂതിരിയുടെ നാവിക പടത്തലവനുമായി. കുഞ്ഞാലി മൂന്നാമന്റെ പാത അദ്ദേഹം പിന്തുടർന്നു. സാമൂതിരി പോർച്ചുഗീസ് ശക്തിയുമായി സൗഹൃദം ഉറപ്പിക്കുന്നതിനോട് കുഞ്ഞാലി വിയോജിച്ചു.പോർച്ചുഗീസ് അധികാരികൾ സാമൂതിരിയെയും കുഞ്ഞാലിയെയും തമ്മിലകറ്റാൻ പല തന്ത്രങ്ങളും പ്രയോഗിച്ചിരുന്നു. കുഞ്ഞാലിയുമായി പിണങ്ങിയ സാമൂതിരി 1597ൽ പോർച്ചുഗീസുകാരുമായി ഒരു കരാറുണ്ടാക്കി. 1599ൽ പോർച്ചുഗീസുകാരും സാമൂതിരിയും ഒരു വലിയ സൈന്യത്തെ ഒരുക്കി കുഞ്ഞാലിക്കെതിരെ യുദ്ധം ആരംഭിച്ചു. പോർച്ചുഗീസ് സൈന്യം കോട്ടയ്ക്ക് സമീപമെത്തി. അവരെ സഹായിക്കാൻ സാമൂതിരിയുടെ സൈന്യവുമുണ്ടായിരുന്നു. കുഞ്ഞാലി മരയ്ക്കാർ, ആക്രമണത്തെ ധീരമായി നേരിട്ടു.


1600 മാർച്ച് 7ന് പോർച്ചുഗീസ്സാമൂതിരി സംയുക്തസൈന്യം കോട്ടയ്ക്കൽ കോട്ട വളഞ്ഞു. തന്റെ രാജാവായ സാമൂതിരിക്ക് ഉടവാൾ അടിയറവയ്ക്കാമെന്നും തന്റെ ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയാൽ മതിയെന്നുമുള്ള കുഞ്ഞാലിയുടെ അപേക്ഷ സാമൂതിരി അംഗീകരിച്ചു..മാർച്ച് 16ന് കോട്ടയ്ക്കു പുറത്തുവന്ന് സാമൂതിരിക്കു മുന്നിൽ കുഞ്ഞാലി കീഴടങ്ങി. തന്ത്രശാലിയായ പോർച്ചുഗീസ് പടത്തലവൻ ഫുർറ്റാഡോ കുഞ്ഞാലിയെ തട്ടിക്കൊണ്ടുപോകാനൊരുങ്ങി. സാമൂതിരിയുടെ നായർപട മരയ്ക്കാരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാമൂതിരി കുഞ്ഞാലിയെ പിടികൂടി പോർച്ചുഗീസുകാർക്കു കൈമാറിയെന്നും പറയപ്പെടുന്നുണ്ട് ഫുർറ്റാഡോ കോട്ടയ്ക്കൽകോട്ട ഇടിച്ചുനിരത്തി 1600 മാർച്ച് 25ന് ചങ്ങലയ്ക്കിട്ട കുഞ്ഞാലിയെയും അനുയായികളെയും കൂട്ടി കോട്ട കൊള്ളയടിച്ചുകിട്ടിയ ധനവുമായി ഫുർറ്റാഡോ ഗോവയിലേക്ക് പുറപ്പെട്ടു. അവർ കുഞ്ഞാലിയെയും കൂട്ടരെയും ഗോവയിലേക്കു കൊണ്ടുപോയി അവിടെ വച്ച് വധിച്ചു. കുഞ്ഞാലിയുടെ തല വെട്ടിയെടുത്ത് ഉപ്പിലിട്ട് കണ്ണൂരിൽ കൊണ്ടുവന്ന് പ്രദർശനത്തിനു വച്ചു. ചരിത്രത്തിലെ ദുരന്തനായകനായി കുഞ്ഞാലി നാലാമന്റെ ജീവിതം അങ്ങനെ അവസാനിക്കുകയായിരുന്നു. .


ഗുജറാത്ത് മുതൽ സിലോൺവരെ വിജയപതാക പാറിക്കുകയും പോർച്ചുീസുകാരെ വിറപ്പിക്കുകയും ചെയ്ത ഒരു നൂറ്റാണ്ട് നീണ്ട നാവിക പാരമ്പര്യത്തിന് കുഞ്ഞാലി നാലാമന്റെ അന്ത്യത്തോടെ തിരശീല വീണു. 1961ൽ ഗോവയും ദാമൻ ദിയുവും പിടിച്ചെടുത്ത് പോർച്ചുഗീസുകാരെ ഇന്ത്യൻ സൈന്യം കെട്ടുകെട്ടിച്ചതോടെയാണ് കുഞ്ഞാലി നാലാമന്റെ സ്വപ്നം സഫലമായത്.