saiju

കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ കൂടുതൽ കേസുകളെടുക്കാൻ പൊലീസ്. വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് സൈജുവിനെതിരെ എടുക്കുന്നത് . ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. തൃക്കാക്കര, ഇൻഫോ പാർക്ക്,​ മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്.

കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും. സൈജുവിന്‍റെ ലഹരിപാര്‍ട്ടികളി‍ല്‍ പങ്കെടുത്തവര്‍ക്കെതിരെയും കർശന നടപടി ഉണ്ടാകും. സൈജുവിന്‍റെ മൊബൈല്‍ ഫോണിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകൾ കണ്ടെടുത്തിരുന്നു. ഇവ ലഹരിപ്പാര്‍ട്ടികളായിരുന്നെന്നാണ് സൈജു പൊലീസിന് മൊഴി നല്‍കിയത്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും.