
കൊച്ചി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിലിറങ്ങിയ ബിനീഷ് കോടിയേരി വക്കീൽ കുപ്പായമണിയുന്നു. പരപ്പന അഗ്രഹാര ജയിൽ വാസത്തിൽ നിന്ന് കിട്ടിയ അനുഭവമാണ് ഈ തീരുമാനത്തിനു പിന്നിൽ എന്ന് കരുതിയെങ്കിൽ തെറ്റി. അഭിഭാഷകനാകാനുള്ള നീക്കത്തിനിടയിലായിരുന്നു കേസിൽ കുടുങ്ങിയതെന്ന് ബിനീഷ് വ്യക്തമാക്കി.
പുതിയ സംരഭത്തിന് സഹപാഠികളും സുഹൃത്തുക്കളുമായ പി സി ജോർജിന്റെ മകൻ ഷോൺ ജോർജും, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ മോഹൻദാസിന്റെ മകൻ നിനു മോഹൻദാസും ബിനീഷിനൊപ്പമുണ്ട്. എറണാകുളം ഹൈക്കോടതിയോടു ചേർന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സിൽ ഞായറാഴ്ച ഓഫീസ് തുറക്കും. കെട്ടിടത്തിന്റെ 651-ാം നമ്പർ മുറി ഓഫീസിനായി തയാറാക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ കോടിയേരി ബാലകൃഷ്ണൻ എത്തില്ലെങ്കിലും, പി സി ജോർജും മോഹൻദാസും പങ്കെടുത്തേക്കും. ബിനീഷും, ഷോണും നീനുവും 2006ൽ എൻറോൾ ചെയ്തതാണ്. ഷോൺ രണ്ടു വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു, രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കില്ലെന്നും, വീട്ടുകാർക്കും തങ്ങൾ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാൻ ആഗ്രഹമുണ്ടെന്നു ഷോൺ വ്യക്തമാക്കി.