omicron

ജൊഹന്നേഴ്സ്ബർഗ്: ദക്ഷിണ ആഫ്രിക്കയിലെ പുതിയ കൊവിഡ് കേസുകൾ ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായതായി അധികൃതർ അറിയിച്ചു. കൊവി‌ഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ ആഫ്രിക്കയിൽ ഇത് കേസുകളുടെ വൻ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം 4373 കേസുകൾ സ്ഥിരീകരിച്ചപ്പോൾ ഒറ്റ ദിവസം കൊണ്ട് ഇത് 8561 കേസുകളായാണ് വർദ്ധിച്ചത്. ഇതോടെ ദക്ഷിണ ആഫ്രിക്കയിൽ കൊവിഡ് കേസുകളുടെ വൻ വർദ്ധനയുണ്ടാകുമെന്ന് ശാസ്ത്രഞ്ജർ ചൂണ്ടിക്കാട്ടുന്നു.

വരും ആഴ്ചകളിൽ കേസുകൾ ഇരട്ടിയോ മൂന്നിരട്ടിയോ ആയി വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന റീജിയണൽ വൈറോളജിസ്റ്റായ ഡോ.നിക്സി ഗുമേഡ് മൊയലെറ്റ്സി സൂചിപ്പിച്ചു. ദക്ഷിണ ആഫ്രിക്കയിലെ ലാബുകൾ ഒമിക്രോൺ കേസുകളുടെ പഠനത്തിനായി അടിയന്തരമായി ജനിതക ശ്രേണീകരണം നടത്തുകയാണെന്നും ഡോ.നിക്സി വെളിപ്പെടുത്തി. ഇതിലൂടെ ഒമിക്രോൺ അതിവേഗം പകരുന്നതാണോ, കൊവിഡിന്റെ കൂടുതൽ ഗുരുതരമായ കേസുകൾക്ക് കാരണമാകുമോ, വാക്സിനേഷനിൽ നിന്നുള്ള സംരക്ഷണത്തെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കണ്ടെത്താനാകുമെന്നും ഡോ.നിക്സി കൂട്ടിച്ചേർത്തു. സ്റ്റാൻഡേർഡ് പി സി ആർ ടെസ്റ്റിലൂടെ ഒമിക്രോൺ കണ്ടെത്താനാകുമെങ്കിലും പൂർണ ജനിതക ശ്രേണീകരണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.

നവംബർ മദ്ധ്യത്തോടെയാണ് ദക്ഷിണ ആഫ്രിക്കയിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് ആരംഭിച്ചത്. ഒരു ശതമാനം പോസിറ്റിവിറ്റി നിരക്ക് 16.5 ശതമാനമായാണ് വർദ്ധിച്ചത്. അറുപത് ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയിൽ ഇതുവരെ 90,000 മരണങ്ങൾ ഉൾപ്പെടെ 2.9 ദശലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലെ ഒമ്പത് പ്രവിശ്യകളിൽ അഞ്ചെണ്ണത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.നവംബറിൽ വൈറസ് ജീനോമുകളുടെ എഴുപത്തിനാല് ശതമാനം ക്രമീകരിച്ചതായി രാജ്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.