evie

ലണ്ടൻ: തന്നെ ജനിക്കാൻ അനുവദിച്ചതിന് അമ്മയ്ക്ക് പ്രസവചികിത്സ നൽകിയ ഡോക്ടറെ കോടതികയറ്റി യുവതി. ഇവി ടൂംമ്പ്സ് എന്ന ഇരുപതുകാരിയാണ് തന്റെ അമ്മയെ ചികിത്സിച്ച ഡോക്ടറായ ഫിലിപ്പ് മിച്ചേലിനെതിരെ തെറ്റായ ഗർഭധാരണത്തിന് ഇടയാക്കിയെന്നാരോപിച്ച് കേസ് നൽകിയത്. യുകെയിൽ നിന്നുള്ള ഷോ ജംബറായ( കുതിരപ്പുറത്തിരുന്ന് ഹർഡിലുകൾ ചാടിക്കടക്കുന്ന കായിക ഇനം) ഇവി ജന്മനാ സ്പൈന ബിഫിഡ എന്ന രോഗബാധിതയാണ്.

സുഷുമ്‌ന നാഡികൾക്കുണ്ടാകുന്ന വൈകല്യത്തിന്റെ ഫലമായി ഇവിയ്ക്ക് ചിലയവസരങ്ങളിൽ ഇരുപത്തിനാല് മണിക്കൂറുകൾ വരെ കിടക്കയിൽ തന്നെ ചെലവഴിക്കേണ്ടതായി വരുന്നു. അമ്മ ഗർഭിണിയായിരുന്നപ്പോൾ ഡോക്ടർ കൃത്യമായ ഉപദേശം നൽകുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഇവി കേസ് നൽകിയത്. സ്പൈന ബിഫിഡ എന്ന രോഗം ഗർഭസ്ഥ ശിശുവിനെ ബാധിക്കാതിരിക്കാൻ ഫോളിക് ആസിഡ് മരുന്നുകൾ കഴിക്കേണ്ടതായുണ്ടെന്ന് ഡോക്ടർ അമ്മയെ ഉപദേശിച്ചിരുന്നെങ്കിൽ അമ്മ ഗർഭധാരണം ഉപേക്ഷിക്കുമായിരുന്നെന്നും അങ്ങനെയെങ്കിൽ താൻ ഇത്തരമൊരു രോഗത്തോടു കൂടി ജനിക്കില്ലായിരുന്നുവെന്നും ഇവി കോടതിയിൽ വാദിച്ചു. ഇവിയുടെ വാദം പരിഗണിച്ച ലണ്ടൻ ഹൈക്കോടതി ജഡ്ജി റൊസലിൻഡ് കോ ക്യു സി ഇവിയ്ക്ക് കോടികൾ നഷ്ടപരിഹാരം വിധിച്ചു.

ഡോ. മിച്ചേൽ തനിക്ക് ശരിയായ ഉപദേശം നൽകിയിരുന്നെങ്കിൽ ഗർഭിണിയാകാനുള്ള തന്റെ പദ്ധതികൾ ഉപേക്ഷിക്കുമായിരുന്നെന്ന് ഇവി ടൂംബ്സിന്റെ അമ്മ കോടതിയെ അറിയിച്ചിരുന്നു. കൃത്യമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ ഫോളിക് ആസിഡ് മരുന്നുകൾ കഴിക്കേണ്ടതില്ലെന്ന് ഡോക്ടർ ഉപദേശിച്ചുവെന്നാണ് അവർ കോടതിയിൽ വെളിപ്പെടുത്തിയത്.