anju

ലോക അത്‌ലറ്റിക്സ് വിമെൻ ഒഫ് ദ ഇയറായി അഞ്ജു ബോബി ജോർജ് തിരഞ്ഞെടുക്കപ്പെട്ടു

മൊണാക്കോ : ലോക അത്‍ലറ്റിക്സിന്റെ വിമെൻ ഓഫ് ദ് ഇയർ പുരസ്കാരം സ്വന്തമാക്കി മലയാളി ഇന്റർനാഷണൽ താരം അഞ്ജു ബോബി ജോർജ്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും ലിംഗസമത്വം ഉറപ്പാക്കുന്നതിനുമായി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അഞ്ജുവിനെത്തേടി ലോക അത്‌ലറ്റിക്സ് പുരസ്കാരം എത്തിയത്.ഈ വർഷത്തെ ബി.ബി.സി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും അഞ്ജുവിന് ലഭിച്ചിരുന്നു.

ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുള്ള ഏക ഇന്ത്യൻ താരമാണ് നാൽപ്പത്തിനാലുകാരിയായ അഞ്ജു. 2003ലെ ലോക ചാമ്പ്യൻഷിപ്പിൽ അഞ്ജു വെങ്കലമാണ് സ്വന്തമാക്കിയത്.ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഉൾപ്പടെ നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴും കായിക ലോകത്ത് സജീവമായ അഞ്ജു 2016ൽ പെൺകുട്ടികൾക്കായി ബാംഗ്ളൂരിൽ ആരംഭിച്ച അക്കാദമിയിൽ പരിശീലനം നടത്തുന്ന ശൈലി സിംഗ് അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയത് പുരസ്കാരനിർണയത്തിൽ പ്രധാനപങ്കുവഹിച്ചു. ഇന്ത്യൻ അത്‍ലറ്റിക്സ് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ലിംഗസമത്വത്തിനായി സ്വീകരിച്ച നിലപാടുകളും ഭാവി താരങ്ങളെ വളർത്തിയെടുക്കുന്നതിലെ സംഭാവനകളും വിശിഷ്ടമാണെന്ന് വേൾഡ് അത്‌ലറ്റിക്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.