
അടിവസ്ത്രം ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.ഏതുപ്രായക്കാർക്കും ഒഴിവാക്കാൻ ആവാത്തവയാണ് ഈ കുഞ്ഞൻ വസ്ത്രമെങ്കിലും അത് തിരഞ്ഞെടുക്കുന്നതിലും ഉപയോഗിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ലോകത്ത് തൊണ്ണൂറുശതമാനത്തിലേറെപ്പേരും വരുത്തുന്നത് ഗുരുതരമായ തെറ്റുകളാണ്. ഇത് മാരകമായ ത്വക് രോഗങ്ങൾക്കൊപ്പം ലൈംഗിക ശേഷിയെ പൂർണമായി ഇല്ലതാക്കുന്ന അവസ്ഥയിലേക്കുവരെ എത്തിക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
സ്വകാര്യ ഭാഗങ്ങളിൽ ആവർത്തിച്ചുള്ള അണുബാധയോ ചൊറിച്ചിൽ പോലുള്ള ഫംഗൽ പ്രശ്നങ്ങളോ ഉണ്ടാകുന്നുണ്ടെങ്കിൽ അതിലെ ഒന്നാംപ്രതി മിക്കപ്പോഴും അടിവസ്ത്രങ്ങൾ ആയിരിക്കും എന്നാണ് ചർമ്മസംരക്ഷണ പ്ലാറ്റ്‌ഫോമായ ദി ഡെറം റിവ്യൂവിലെ വിദഗ്ദ്ധർ പറയുന്നത്. അടിവസ്ത്രത്തിൽ നാം വരുത്തുന്നു പ്രധാന പിഴവുകളും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പുതിയതാണെങ്കിലും
പുതിയൊരു അടിവസ്ത്രം വാങ്ങിയാൽ കഴുകാതെ ഉപയോഗിക്കുന്നവരാണ് കൂടുതലും. ഇത്തരക്കാരെ കാത്തിരിക്കുന്നത് വൻ അപകട സാദ്ധ്യതയാണ്. നിർമാണ കേന്ദ്രത്തിൽ നിന്ന് പാക്കുചെയ്യുന്ന വസ്ത്രങ്ങൾ പൊടിയും അണുക്കളും നിറഞ്ഞതായിക്കും. പലപ്പോഴും മാസങ്ങൾ കവറിൽ ഇരുന്നശേഷമായിരിക്കും നമ്മുടെ കൈയിലെത്തുന്നത്. ഇതിനിടെ ഒരിക്കൽപ്പോലും അണുനശീകരണം ഉണ്ടാകുന്നില്ല. അതിനാൽ കഴുകാതെ ധരിക്കുന്നതിനാൽ വളരെപെട്ടെന്ന് അണുബാധ ഉണ്ടാവാൻ ഇടയാക്കും.
പുതിയ വസ്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കെമിക്കലുകളും പ്രശ്നക്കാരാവാം. അതിനാൽ കഴുകി വെയിലത്ത് ഇട്ട് ഉണക്കിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.
സ്ത്രീകൾ ഇങ്ങനെ
പാന്റീസുകളെക്കാൾ ബ്രാകളാണ് സ്ത്രീകൾ കഴുകാതെ കൂടുതൽ ഉപയോഗിക്കുന്നത്. 65 വയസിനു മുകളിലുള്ളവരിൽ 45 ശതമാനം പുതിയ ബ്രാ കഴുകാതെ ഉപയോഗിക്കുമ്പോൾ മുപ്പതുവയസിന് താഴെയുള്ളവരിൽ ഇത്തരക്കാർ മുപ്പത്തഞ്ച് ശതമാനം വരും. മുലയൂട്ടുന്ന അമ്മമാർ അവരുടെ ബ്രാകൾ കഴുകുന്ന കാര്യത്തിൽ പ്രത്യേകം സൂക്ഷ്മത പുലർത്തണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

തുണിയലക്കുമ്പോൾ ഉപയോഗിക്കാറുണ്ടോ?
ഉപയോഗിച്ച അടിവസ്ത്രങ്ങൾ കഴുകാതെ ഒരിക്കലും ഉപയോഗിക്കരുത്. 21 ശതമാനം സ്ത്രീകൾ ഉപയോഗിച്ച അടിവസ്ത്രം വീണ്ടും ധരിക്കുന്നുണ്ട്. എന്നാൽ പുരുഷന്മാരുടെ കാര്യത്തിൽ ഇത്തരക്കാരുടെ എണ്ണം കുറവാണ്. ഒരു ദിവസത്തിലധികം ഒരേ അടിവസ്ത്രം കൂടുതൽ സമയം ധരിക്കുന്നതും സ്ത്രീകളാണ്. തുണിയലക്കുമ്പോൾ ധരിച്ചിരിക്കുന്ന അടിവസ്ത്രം നനയാൻ സാദ്ധ്യത ഏറെയാണ്. അത്തരം അടിവസ്ത്രം മാറ്റാതിരിക്കുന്നത് ത്വക് രോഗത്തെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.
അടിവസ്ത്രം ധരിച്ച് ഉറങ്ങുന്നവർ ത്രഷ്, വാഗിനൈറ്റിസ്, ബാക്ടീരിയൽ വാഗിനോസിസ് എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അതേസമയം, വ്യായാമത്തിന് ശേഷം അടിവസ്ത്രം മാറ്റുകയോ കഴുകുകയോ ചെയ്യാത്തവരിലും ഇതേ അവസ്ഥ ഉണ്ടാവും. ഒപ്പം വിട്ടുമാറാത്ത ശരീര ദുർഗന്ധവും.
ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഇത്തരം വസ്ത്രങ്ങൾ ബാക്ടീരിയകൾ തഴച്ചുവളരാൻ സാദ്ധ്യത കൂട്ടുന്നു. കോട്ടൻ അല്ലാത്ത അടിവസ്ത്രങ്ങളും ഇത്തരം അവസ്ഥ ഉണ്ടാക്കും. പുരുഷന്മാർ ഇറുകിയ വസ്ത്രം ധരിക്കുന്നത് വൃഷണത്തിന്റെ താപനില വർദ്ധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
വാങ്ങിയിട്ട് ആറുമാസം ആയ അടിവസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കരുത്. അതുപോലെ ധരിക്കുന്നതിനിടെ സ്രവങ്ങളോ മറ്റോ പുരണ്ടാലും ഉടൻ ആ അടിവസ്ത്രം മാറ്റേണ്ടതാണ്.