ramakrishnan

ചാലക്കുടി: മുൻ ദേശീയ ഫുട്‌ബാൾ താരം പണ്ടാരപറമ്പിൽ പി.വി. രാമകൃഷ്ണൻ (79) നിര്യാതനായി. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: ശാന്ത. മക്കൾ: സന്ധ്യ, സിന്ധു (ഇരുവരും മൂത്തകുന്നം എസ്.എൻ.എം സ്‌കൂൾ അദ്ധ്യാപകർ), സജിൻ (ഖത്തർ). മരുമക്കൾ: ജയപ്രകാശ്, മണിലാൽ, അശ്വതി.

പടിഞ്ഞാറെ ചാലക്കുടി സ്വദേശിയായ രാമകൃഷ്ണൻ 1965 കാലഘട്ടത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ക്വലാലംപുരിൽ നടന്ന മെർദേക്ക ഫുട്‌ബാൾ ടൂർണമെന്റിൽ ഇന്ത്യയെ സെമിഫൈനൽ വരെ എത്തിച്ചതിൽ ഹാഫ് ബാക്കായി ജഴ്‌സിയിട്ട രാമകൃഷ്ണൻ നിർണായക പങ്ക് വഹിച്ചു.

മലേഷ്യ, സിംഗപുർ, സിലോൺ, ബാങ്കോക്ക് രാജ്യങ്ങളിലെ രാജ്യാന്തര മത്സരങ്ങളിലും ചാലക്കുടിക്കാരൻ രാമകൃഷ്ണൻ കളിച്ചു. 1965 മുതൽ 72 വരെ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു. 1965ൽ ടീം ക്യാപ്ടനുമായി. പിന്നീട് പ്രീമിയർ ടയേഴ്‌സിൽ ചേർന്ന അദ്ദേഹം ചാലക്കുടി ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ സ്ഥാപക അംഗമാണ്.