
ഗിരിശിഖരങ്ങൾ തൊടുന്ന നീലാകാശത്തിൽ നിന്നു ഭൂമിയിലെ മനോഹരമായ തടാകത്തിലേക്ക് പറന്നിറങ്ങുന്ന അരയന്നങ്ങളെ കണ്ടാൽ ആരാണ് അത്ഭുതത്തോടെ നോക്കി നില്ക്കാത്തത്? സ്വാതന്ത്ര്യത്തിന്റെ പര്യായമാണോ അനന്ത വിഹായസെന്ന് സംശയിക്കാറുണ്ട്. സ്വാതന്ത്ര്യം അമൃതമായി കരുതുന്ന മനുഷ്യർക്ക് ഗഗനം സ്വതന്ത്രതയുടെ പ്രതീകമാണ്. എങ്കിലും ഗഗനചാരികളായ പതംഗങ്ങൾ പൂർണസ്വതന്ത്രരാണെന്നു കരുതാനാവില്ല. കൊടുങ്കാറ്റിനേയും പേമാരിയേയും ഇടിമിന്നലിനെയുമൊക്കെ ഭൂമിയിൽ പദമൂന്നുന്ന ജീവജാലങ്ങളെ പോലെ നേരിടുക തന്നെയേ തരമുള്ളൂ. ഒരു ഇരയെ പിടികൂടാൻ പരുന്തും എത്ര പറക്കണം! ചിന്തകളിൽ എത്ര സ്വതന്ത്രരായ മനുഷ്യരേയും ഗുരുത്വാകർഷണം ഭൂമിയുമായി ബന്ധിപ്പിക്കുന്നു.
സകല ബന്ധങ്ങളും ബന്ധനങ്ങളും അവസാനിച്ച് അവസാനം മണ്ണോടു മണ്ണടിഞ്ഞ് പഞ്ചഭൂതങ്ങളിൽ അലിയുന്നതുവരെ ഇക്കാര്യം പ്രത്യേകമായി ചിന്തിക്കാൻ ഇടയായത് ഈ അടുത്തിടെ ഒരു സുഹൃത്തിന്റെ മകൻ തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതു കേട്ടപ്പോഴാണ്. അമ്മ വളരെ കഷ്ടപ്പെട്ടു വളർത്തിയ മകനാണ്. 32 വയസായി. അഭിഭാഷകനായി ജോലി ചെയ്യുന്നു. പരിപൂർണ സ്വതന്ത്രനായിരിക്കാൻ എന്തു ത്യാഗവും അനുഷ്ഠിക്കാൻ താൻ തയ്യാറാണെന്നാണ് അവന്റെ പ്രഖ്യാപനം. അതുകൊണ്ടുതന്നെ കല്യാണം കഴിയ്ക്കുകയേ ഇല്ല എന്നു തീരുമാനിച്ചിരിക്കുന്നു. കല്യാണം കഴിച്ചിട്ടുള്ള ഒരാളുടെ സംതൃപ്തി, സ്വാതന്ത്ര്യം ബലികഴിക്കുന്നതിനാൽ അത്ര പോരാ എന്നാണ് അവന്റെ മതം. ആരേയും ആശ്രയിക്കാതിരിക്കൽ അത്യാവശ്യമായതിനാൽ വളരെ നന്നായി ആരോഗ്യം ശ്രദ്ധിക്കുന്നു. മിതമായി മാത്രം ഭക്ഷണം കഴിക്കുന്നു. ഹോട്ടൽ ഭക്ഷണം ചുരുക്കം സന്ദർഭങ്ങളിൽ മാത്രം. മനുഷ്യനു സ്നേഹം ആവശ്യമല്ലേ എന്ന ചോദ്യത്തിനു മറുപടി; 'വേണ്ടുവോളം സ്നേഹം താൻ സംരക്ഷിക്കുന്ന പന്ത്രണ്ടോളം തെരുവു നായ്ക്കളിൽ നിന്നു ലഭിക്കുന്നുണ്ട്. ഒരു മനുഷ്യജീവിയിൽ നിന്നും ഇത്രത്തോളം സ്നേഹം ലഭിക്കാൻ യാതൊരു സാദ്ധ്യതയും കാണുന്നില്ല'. കൂടാതെ സമയം കളയാൻ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്ന സിനിമകളുമുണ്ടല്ലോ. സ്വന്തമായി ആഹാരം പാകം ചെയ്യുക ഹരമാണ്. യൂട്യൂബുള്ളതിനാൽ അതിന് അമ്മയേയോ മറ്റാരെയെങ്കിലുമോ ആശ്രയിക്കേണ്ടതില്ല. ഏതു തരത്തിലുള്ള ബന്ധവും ബന്ധനമായതിനാൽ ഒരു
കൂട്ടുകാരേയും ആത്മസുഹൃത്തായി നിനയ്ക്കാറില്ല. ബന്ധു വീടുകളിൽ
സന്ദർശനവും പതിവില്ല. ഇങ്ങനെ നീണ്ടു, പയ്യന്റെ 'സ്വാതന്ത്ര്യ ചിന്തകൾ'. വളരെ ശ്രദ്ധാപൂർവം ആത്മസംതൃപ്തിക്കായി കൂട്ടുകാരെ പോലും ഒഴിവാക്കിയുള്ള ജീവിതം. ഒരു പക്ഷിയെപ്പോലെ താൻ ഭൂമിയിൽ പറന്നു നടക്കുകയാണെന്ന് അവൻ വിശ്വസിക്കുന്നു. ഈ സ്വാതന്ത്ര്യം നിലനിറുത്താനായി ഏതറ്റം വരെയും പോകാൻ അവൻ തയ്യാറാണത്രേ. ഇന്നത്തെ ഒരുപാട് ചെറുപ്പക്കാരുടെ ഒരു പ്രതീകമാണ് അമ്മ ലാളിച്ചു വളർത്തിയ ആ മകൻ. എല്ലാ കെട്ടുകളും പൊട്ടിച്ച് സ്വതന്ത്രമായി വിഹരിക്കുന്ന ഇവർക്ക് ആകാശത്തിലെ പറവകൾക്കുള്ളതു പോലെയുള്ള സ്വാതന്ത്ര്യത്തിലധികമൊന്നും ഉണ്ടാകുമെന്ന് എനിയ്ക്കു തോന്നുന്നില്ല.
സാമുവൽ ആഡംസ് പറയുന്നത് മനുഷ്യ നിർമ്മിതമായ നിയമങ്ങളോ ഭൂമിയിലെ ഏതെങ്കിലും അധികാര/ശക്തികേന്ദ്രങ്ങളോ നിയന്ത്രിക്കാത്ത വിധം പ്രകൃതി നിയമങ്ങൾ അനുസരിച്ചു മാത്രം ജീവിക്കാനുള്ള മനുഷ്യന്റെ അവകാശമാണ് സ്വാതന്ത്ര്യം എന്നാണ് ' ‘The Liberty of man, woman and child’ ' എന്ന ലേഖനത്തിൽ Robert. G. Ingersoll പറയുന്നത് . 'സ്വാതന്ത്ര്യത്തിനു മനസുമായുള്ള ബന്ധം സ്പേസിന് ദ്രവ്യവുമായുള്ള ബന്ധത്തിനു സമാനമാണ്. അടിമത്തത്തിനു കാരണം അജ്ഞത മാത്രമത്രേ. സ്വാതന്ത്ര്യമാകട്ടെ ബുദ്ധിയുടെ സന്തതിയും. മനുഷ്യചരിത്രമെന്നാൽ അടിമത്തത്തിന്റെയും അനീതിയുടേയും ക്രൂരതയുടേയും സമ്മേളനത്തിൽ മനുഷ്യൻ മെല്ലെമെല്ലെ മുന്നോട്ടു നീങ്ങിയ കഥ മാത്രമാണ്. കപടതയും സ്വേച്ഛാധിപത്യവുമാകുന്ന രണ്ടു കഴുകന്മാർ എല്ലായ്പ്പോഴും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഭക്ഷിച്ചു ജീവിച്ചു. എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രതിഫലം ലഭിച്ചപ്പോൾ എല്ലാ നന്മകളും ശിക്ഷിയ്ക്കപ്പെട്ടു. വായന, എഴുത്ത്, ചിന്ത അന്വേഷണാത്മകത ഇവ വലിയ കുറ്റകൃത്യങ്ങളാണ്. രാജാവ് കൈകളാണു ബന്ധിച്ചതെങ്കിൽ പുരോഹിതൻ ആത്മാവിനെ ബന്ധിച്ചു. രാജാവും പുരോഹിതനും പറഞ്ഞു; മനുഷ്യൻ സ്വതന്ത്രനായിരിയ്ക്കുന്നത് അപകടമാണ്. എന്നാൽ ഞാൻ പറയുന്നു, ബുദ്ധിയുടെ ആകാശത്ത് ഓരോ ചിറകിനും പറക്കാൻ വേണ്ട സ്ഥലമുണ്ട്. ഓരോ മനുഷ്യനും നീലാകാശത്തിനും താരകൾക്കും കീഴെ പ്രകൃതിയുടെ അനന്തപതാകയുമായി നിലകൊള്ളണം. ഓരോ മനുഷ്യനും ആത്മാവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യമുണ്ട്.
അതു നിഷേധിയ്ക്കുന്ന ഓരോരുത്തരും ബൗദ്ധിക പിടിച്ചുപറിക്കാരും കള്ളന്മാരുമാണ്. മനുഷ്യൻ അത്തരം ചങ്ങലകളെ പൊട്ടിച്ചെറിയണം.
എന്റെ ബുദ്ധി എനിക്ക് ചിന്തിയ്ക്കാൻ ഉതകുന്നില്ലെങ്കിൽ എന്തിനാണ് എനിക്കൊരു തലച്ചോറ്? മനുഷ്യനെ അവന്റെ അഭിപ്രായം മാറ്റാനായി പലവിധ ചങ്ങലകളിൽ തളയ്ക്കുകയും ഇരുമ്പു ബൂട്ടുകൾക്കടിയിൽ ഞെരിയ്ക്കുകയും അവസാനം കത്തിയ്ക്കുകയും ചെയ്താലും അവസാനം അവന്റെ ചാരം അതേ അഭിപ്രായം നിലനിറുത്തും'. സ്വാതന്ത്ര്യത്തിനു നാം കൊടുക്കേണ്ടിവരുന്ന വില ഈ വാക്കുകളിൽ
വ്യക്തമാണ്. മനുഷ്യൻ ശാസ്ത്രത്തിന്റെയും ഡിജിറ്റൽ തരംഗത്തിന്റെയും ചിറകിലേറി ബഹുദൂരം മുന്നോട്ടു പോയെങ്കിലും ഇന്നും വളരെ പ്രസക്തമാണ് ഈ വാക്കുകൾ. തന്റെ വിശ്വാസപ്രമാണത്തെ പുൽകാത്തവരെല്ലാം വെറുക്കപ്പെടേണ്ടവരാണെന്നു കരുതാൻ ഇന്നും മനുഷ്യർക്കാവുന്നുണ്ടെങ്കിൽ
മനുഷ്യരാശി സ്വാതന്ത്ര്യത്തിന്റെ അമൃതു നുണയാൻ യോഗ്യരല്ലാതായിത്തീരുന്നു. എല്ലാ ചിറകുകൾക്കും പറക്കാനിടമുണ്ടെന്നിരിക്കെ കൂറ്റൻ മതിലുകളിൽ തട്ടി ഒരുപാടു ചിറകുകൾ അരിഞ്ഞു വീഴ്ത്തപ്പെടുന്ന ഇടമായി ലോകം തുടരുന്നതിൽ എന്തർത്ഥം?