virat-kohli

മുംബയ്: ന്യൂസിലാൻഡിനെതിരായി നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ നായകനായി വിരാട് കൊഹ്‌ലി മടങ്ങിയെത്തും. രാഹുൽ ദ്രാവിഡ് പരിശീലകനായ ശേഷം ആദ്യമായാണ് കൊഹ്‌ലി ദേശീയ ടീമിനു വേണ്ടി പാഡണിയുന്നത്. ദ്രാവിഡ് പരിശീലകനായ ശേഷം നടന്ന ടി ട്വന്റി പരമ്പരയിൽ നിന്നും ആദ്യ ടെസ്റ്റിൽ നിന്നും കൊഹ്‌ലിക്ക് ബി സി സി ഐ വിശ്രമം അനുവദിച്ചിരുന്നു.

രണ്ടാം ടെസ്റ്റിൽ മടങ്ങിയെത്തുന്ന കൊഹ്‌ലിയെ കാത്ത് ഒരു റെക്കാഡും ഇരിപ്പുണ്ട്. ക്യാപ്ടൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കാഡാണ് കൊഹ്‌ലിയെ കാത്തിരിക്കുന്നത്. നിലവിൽ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗും കൊഹ്‌ലിയും ഈ റെക്കാഡ് പങ്ക് വയ്ക്കുകയാണ്. ക്യാപ്ടൻ എന്ന നിലയിൽ 41 സെഞ്ച്വറികളാണ് പോണ്ടിംഗും കൊഹ്‌ലിയും നേടിയിട്ടുള്ളത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമായി കൊഹ്‌ലി ഇതുവരെയായും 70 സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

View this post on Instagram

A post shared by Team India (@indiancricketteam)

നിലവിൽ അത്ര നല്ല ഫോമിലല്ല കൊഹ്‌ലി. കഴിഞ്ഞ രണ്ട് വർഷമായി ക്രിക്കറ്റിലെ ഒരു ഫോർമാറ്റിലും കൊഹ്‌ലിക്ക് സെഞ്ച്വറി നേടാൻ കഴിഞ്ഞിട്ടില്ല. 2019 നവംബറിൽ ബംഗ്ളാദേശിനെതിരെ നടന്ന ഡേ - നൈറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ നായകൻ അവസാനമായി ഒരു സെഞ്ച്വറി നേടിയത്. പക്ഷേ മുംബയിൽ എത്തുമ്പോൾ കഥ മാറും. മുംബയിലെ വാങ്കഡേ പിച്ച് ഒരിക്കലും കൊഹ്‌ലിയെ ചതിച്ചിട്ടില്ല. വാങ്കഡേയിൽ കളിച്ച നാലു ടെസ്റ്റുകളിൽ നിന്നായി 72.16 ശരാശരിയിൽ 433 റണ്ണാണ് കൊഹ്‌ലി ഇതുവരെ നേടിയിട്ടുള്ളത്. ഏറ്റവും അവസാനമായി വാങ്കഡേയിൽ കൊഹ്‌ലി കളിച്ചത് 2016ൽ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റിലാണ്. അന്ന് ആദ്യ ഇന്നിംഗ്സിൽ 235 റണ്ണാണ് കൊഹ്‌ലി നേടിയത്. കൊഹ്‌ലിയുടെ ബാറ്റിംഗ് മികവിൽ ഇന്നിംഗ്സിനും 36 റണ്ണിനുമാണ് അന്ന് ഇന്ത്യ ഇംഗ്ളണ്ടിനെ കെട്ടുകെട്ടിച്ചത്. കൊഹ്‌ലി തന്നെയായിരുന്നു കളിയിലെ താരം.