ആര്യനാട്: ആര്യനാട് സി.എച്ച്.സിയിൽ ടി.ടി കുത്തിവയ്പ് എടുക്കാൻ എത്തിയ 15 വയസുള്ള രണ്ടു വിദ്യാർത്ഥിനികൾക്ക് കൊവിഷീൽഡ് വാക്സിൻ എടുത്ത സംഭവത്തിൽ ബി.ജെ.പി ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തി.
ഇന്നലെ രാത്രി 10ഓടെ സംഭവം പുറത്തറിഞ്ഞതോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി ആശുപത്രിക്ക് മുന്നിലെത്തിയത്. രാത്രി 9.30ഓടെ കുത്തിവയ്പ് എടുത്ത കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെതോടെ രക്ഷിതാക്കൾ ആര്യനാട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് കുട്ടികളെ രാത്രി 10.45 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പുതുക്കുളങ്ങര അനിൽ കുമാർ, എം. പ്രശാന്ത്, സജി.എം.എസ്, ഇറവൂർ അജി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.