cpm

തിരുവനന്തപുരം: തിരുവല്ലയിൽ സിപി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.

'നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം. സിപിഎമ്മിൻ്റെ കേഡർമാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. അർ എസ് എസ് സൃഷ്ടിക്കുന്ന പ്രകോപനത്തിൽ കുടുങ്ങാതെ ഹീന കൊലപാതകത്തിലുള്ള ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരാൻ മുഴുവനാളുകളും തയ്യാറാവണം. സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇന്ന് രാത്രി എട്ടുമണിയോടെയാണ് മുൻ പഞ്ചായത്ത് അംഗം കൂടിയായ സന്ദീപിനെ കുത്തിക്കൊന്നത്. സന്ദീപിന്റെ നെഞ്ചിൽ ഒമ്പത് കുത്തുകളേറ്റു എന്നാണ് പൊലീസ് പറയുന്നത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് കുത്തിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയിൽ ആർ.എസ്.എസ് - സി.പി.എം സംഘർഷം നിലനിന്നിരുന്നു. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.