
യൗവനവും കരുത്തുമാണ് ലൈംഗികതയ്ക്ക് വേണ്ട അടിസ്ഥാന പ്രമാണങ്ങളെന്നാണ് കരുതിപ്പോകുന്നത്. എന്നാൽ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് അങ്ങനെ ഒന്നില്ല എന്നാണ്. പ്രായം കൂടുന്തോറും ലൈംഗിക താത്പര്യം കുറഞ്ഞുവരുന്നു എന്നതിലും കാര്യമില്ല. പ്രായമേറുന്തോറും ലൈംഗികതയ്ക്ക് രുചിയും മണവും കൂടുമെന്നാണ് ഗവേഷകരുിടെ അഭിപ്രായം.
സ്ത്രീകളിൽ ലൈംഗികതയെക്കുറിച്ചുള്ള പരിമിതമായ അറിവും പ്രായോഗിക പരിചയക്കുറവും ലജ്ജയുമൊക്കെ വെടിഞ്ഞ് ഒരു വ്യക്തി ലൈംഗിക പക്വത നേടുന്നത് ഏതാണ്ട് മദ്ധ്യവയസിലെത്തുന്നതോടെയാണ്.. മിക്ക സ്ത്രീകളിലും ലൈംഗികതാത്പര്യം അതിന്റെ പ്രായോഗികമായ പൂർണതയിലേക്ക് കടക്കുന്നത് 40കളിലാണ്. ഗർഭം, പ്രസവം, മുലയൂട്ടൽ തുടങ്ങിയ ചുമതലകൾ മാത്രമല്ല, ലജ്ജ, ഭയം, അജ്ഞത തുടങ്ങി നിരവധി കാര്യങ്ങൾ യൗവനത്തിൽ അവരുടെ ലൈംഗിക താൽപര്യങ്ങളെ ബാധിക്കുന്നു. അവയെ മറികടക്കാൻ കഴിയുന്നത് മധ്യവയസോടെയാണ്.
പ്രായത്തിൽ കൈവരുന്ന പക്വതയും ആത്മവിശ്വാസവും നാൽപതു കഴിഞ്ഞ് പുരുഷനു ലൈംഗികതയിൽ മുതൽക്കൂട്ടാണ്. ജീവിക്കാൻ വേണ്ടിയുള്ള പരക്കംപാച്ചിൽ ഒന്നു കുറഞ്ഞ്, കുടുംബജീവിതത്തിൽ കൂടുതൽ മുഴുകുന്ന മധ്യവയസുകാരന് ലൈംഗികതയെ കൂടുതൽ മെച്ചപ്പെട്ട തലത്തിലേക്ക് ഉയർത്താനും ലൈംഗികാനന്ദത്തിന്റെ ഉന്നതതലങ്ങളിലേക്ക് കൊണ്ടുപോകാനും സാധിക്കും.പ്രായം കൂടുന്തോറും പലരിലും ലൈംഗികതാൽപര്യക്കുറവോ, വിരക്തിയോ അനുഭവപ്പെടുന്നത് മിക്കപ്പോഴും അനാവശ്യമായ ആശങ്കകളുടെ അടിസ്ഥാനത്തിലാണ്.
പ്രായം എത്ര ആയാലും. യൗവനം കഴിയുന്നതോടെ സ്ത്രീകളിൽ വലിയൊരു വിഭാഗവും സ്വന്തം ശരീരസൗന്ദര്യത്തെക്കുറിച്ചും തന്റെ ലൈംഗികാകർഷണീയതയിലും ആശങ്കാകുലരാകാറുണ്ട്. ചില പുരുഷന്മാർക്ക്. പ്രായം കൂടി ഇനി പഴയതുപോലെ ആവില്ല എന്ന തോന്നൽ ഒന്നുകൊണ്ടു മാത്രം ചിലപ്പോൾ ഉദ്ധാരണശേഷിക്കുറവ് ഉണ്ടായി എന്നുവരാം. പ്രായമായി, എന്റെ ലൈംഗികജീവിതം അവസാനിച്ചു എന്നു ചിന്തിക്കുന്നതാണ് ലൈംഗിക ആസ്വാദനത്തിലെ ഏറ്റവും വലിയ തടസം.
ആർത്തവവിരാമത്തോടെ സ്ത്രീയുടെ പ്രത്യുൽപാദനശേഷി അവസാനിക്കും. സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ ഉൽപാദനം നിലയ്ക്കും. എന്നാൽ മിക്കവരും കരുതുന്നതുപോലെ ആർത്തവവിരാമത്തോടെ ലൈംഗികജീവിതം അവസാനിക്കുകയല്ല . അതു തുടരുകയോ മെച്ചപ്പെടുകയോ ആണു ചെയ്യുന്നത്. കാരണം, സ്ത്രീഹോർമോണിന്റെ ഉത്പാദനം നിലച്ചാലും സ്ത്രീശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷഹോർമോണിന്റെ ഉത്പാദനം കുറയുന്നില്ല. ഹോർമോൺ സന്തുലനത്തിലെ ഈസ്ട്രജൻ മേൽക്കോയ്മ ടെസ്റ്റോസ്റ്റിറോണിനു വഴി മാറുന്നു എന്നതുമാത്രം.
സ്ത്രീക്കു സംഭവിക്കുന്ന ആർത്തവവിരാമത്തിനു സമാനമായ അവസ്ഥ പുരുഷനിലും സംഭവിക്കുന്നുണ്ട്. ആൻഡ്രോപോസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഏതാണ്ട് 40 വയസു മുതൽ പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷഹോർമോണിന്റെ ഉൽപാദനത്തിൽ നേരിയ കുറവു കണ്ടുതുടങ്ങും. ഏതാണ്ട് 60 വയസിലെത്തുമ്പോൾ മാത്രമേ ഹോർമോൺ അളവു കാര്യമായി കുറഞ്ഞു ആൻഡ്രോപോസ് എന്ന അവസ്ഥയുണ്ടാകൂ. സ്ത്രീകളിലെന്നപോലെ അമിതവിയർപ്പ്, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ പുരുഷനിലും ഈ സമയത്തു കാണാം.
40 വയസിനു ശേഷം 20 വർഷം കൊണ്ടു സംഭവിക്കുന്ന മാറ്റം ലൈംഗിക സംതൃപ്തിയിൽ പുരുഷന് അതീവ ഗൗരവമുള്ളതല്ല. കാരണം, പുകവലി, കടുത്ത പിരിമുറുക്കം, അമിത മദ്യപാനം തുടങ്ങിയവ പുരുഷ ലൈംഗികതയിൽ ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെക്കാൾ കുറവാണു ടെസ്റ്റോസ്റ്റിറോൺ വരുത്തുന്നത്. പ്രോസ്റ്റേറ്റ് തകരാറുകളും രക്താതിമർദവും പോലും പുരുഷനിൽ ഹോർമോൺ വ്യതിയാനത്തെക്കാൾ കൂടുതൽ ലൈംഗികതയെ സ്വാധീനിക്കും. ഹോർമോൺ റിപ്ലേസ്മെന്റ് തെറപ്പികൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നവുമാണിത്.