
മുംബയ് : നടൻ ബ്രഹ്മ മിശ്രയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മിർസാപൂർ എന്ന ഹിന്ദി വെബ്‌സീരീസിലൂടെയാണ് ബ്രഹ്മ മിശ്ര പ്രശസ്തനായത്. മുംബയിലെ വെർസോവയിലെ ഫ്ളാറ്റിൽ നിന്നും ദുർഗന്ധം വന്നുതുടങ്ങിയതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തു കയറിയ പൊലീസ് നടന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി. കുളിമുറിയിലെ തറയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസമെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പകുതിയോളം ജീർണിച്ച നിലയിലായിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മുംബയ് കൂപ്പർ ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.