geetha-gopinath-

വാഷിംഗ്ടൺ: മലയാളിയായ പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ എം എഫ്) തലപ്പത്തേയ്ക്ക്. നിലവിൽ ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിനെ ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകുമെന്ന് ഇന്നലെയാണ് പ്രഖ്യാപനമുണ്ടായത്. അടുത്ത വർഷം ആദ്യമാവും പുതിയ സ്ഥാനത്തേയ്ക്കുള്ള നിയമനം. സ്ഥാനം ഒഴിയുന്ന ജെഫ്രി ഒകാമോട്ടോയ്ക്ക് പകരമാവും ഗീത എത്തുക. 2022 ജനുവരിയിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ അക്കാദമിക് സ്ഥാനത്തേക്ക് ഗീത ഗോപിനാഥ് മടങ്ങും എന്നാണ് കരുതിയിരുന്നത്.

ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി മൂന്ന് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവയുടെ കീഴിലാവും ഗീതയുടെ സ്ഥാനം. ഐ എം എഫിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ട് സ്ത്രീകൾ നേതൃത്വ റോളുകൾ വഹിക്കുന്നത്.

'ശരിയായ സമയത്ത് ശരിയായ വ്യക്തി' എന്നാണ് നേതൃസ്ഥാനം ഏറ്റെടുക്കുന്ന ഗീതയെ ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ സ്വാഗതം ചെയ്തിരിക്കുന്നത്. 'ജെഫ്രിയും ഗീതയും മികച്ച സഹപ്രവർത്തകരാണ് ജെഫ്രി പോകുന്നതിൽ എനിക്ക് സങ്കടമുണ്ട്, അതേസമയം, ഗീത ഞങ്ങളുടെ എഫ്ഡിഎംഡിയായി തുടരാനും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാനും തീരുമാനിച്ചതിൽ സന്തോഷമുണ്ട്,' ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

ഫണ്ടിന്റെ പ്രവർത്തനങ്ങളിൽ ഗോപിനാഥിന്റെ സംഭാവന ഇതിനകം തന്നെ അസാധാരണമാണെന്ന് ജോർജീവ പറഞ്ഞു, പ്രത്യേകിച്ച് നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിൽ ആഗോള സമ്പദ് വ്യവസ്ഥയെയും ഫണ്ടിനെയും സഹായിക്കുന്നതിൽ അവരുടെ ബൗദ്ധിക നേതൃത്വം എടുത്ത് പറയേണ്ടതാണെന്നും വ്യക്തമാക്കി.