
കേരളത്തിന്റെ സംസ്‌കാരവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നവയാണ് ക്ഷേത്രങ്ങളും, അവയുടെ ആചാരങ്ങളും. എന്നാൽ കേരളത്തിലെ ക്ഷേത്രങ്ങൾ ആചാരങ്ങളുടെ പേരിൽ പരസ്പരം വേറിട്ട് നിൽക്കുന്നവയുമാണ്. ഇത്തരത്തിൽ വേറിട്ട് നിൽക്കുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് മാടായിക്കാവ് ക്ഷേത്രം. കണ്ണൂർ ജില്ലയിലെ മാടായിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭദ്രകാളി പ്രധാന ആരാധന മൂർത്തിയായ ക്ഷേത്രത്തിൽ മറ്റ് ഉപദേവതകളുമുണ്ട്. ഈ ക്ഷേത്രം ഇപ്പോൾ അറിയപ്പെടുന്നത് തിരുവർക്കാട്ടുകാവ് ഭഗവതി ക്ഷേത്രം എന്നാണ്.

ഐതിഹ്യം
കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരിലും രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം
മാടായിലുമാണെന്നാണ് വിശ്വാസം . ഈ രണ്ടു ക്ഷേത്രങ്ങളിൽനിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം കാണാം. ചിറയ്ക്കൽ കോവിലകത്തിന്റെ പരദേവതയാണ് മാടായിക്കാവിലമ്മ. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് അത്താഴ പൂജയുമായി ബന്ധപ്പെട്ടതാണ്. മറ്റ് ക്ഷേത്രങ്ങളിലെ പോലെ ഇവിടെ അത്താഴ പൂജ നടക്കാറില്ല. പകരം രാത്രി 8.30 ഓടെ നിവേദ്യം തയ്യാറാക്കി ശ്രീകോവിലിനുള്ളിൽ വയ്ക്കുന്നു. അതിന് ശേഷം സാക്ഷാൽ ദേവന്മാർ ക്ഷേത്രത്തിൽ എത്തി അത്താഴ പൂജ നടത്തുമെന്നാണ് വിശ്വാസം.
വഴിപാടുകൾ
വഴിയാരടി പൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. വസൂരി വന്നാൽ മാടായിക്കാവിലമ്മയ്ക്ക് കുരുമുളക് നേദിക്കുക എന്നതും പഴയകാലത്തെ പ്രധാന വിശ്വാസങ്ങളിലൊന്നായിരുന്നു. ക്ഷേത്രത്തിലെ പിടാരന്മാരുടെ പൂജയ്ക്ക് ചില പ്രത്യേകതകളുണ്ട്. പന്തീരടിപൂജ ഉച്ചയ്ക്കാണ് നടത്തുക. ഉച്ച പൂജ വൈകിട്ടും.
ചരിത്രം
കാലങ്ങൾക്ക് മുൻപ് തന്നെ നില നിന്നിരുന്ന മാടായിക്കാവ് ഭഗവതി ക്ഷേത്രം ടിപ്പുവിന്റെ പടയോട്ട സമയത്ത് നശിച്ചു പോയെന്നും പിന്നീട് ചിറയ്ക്കൽ കോവിലകത്തെ “കൂനൻ’ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതുവെന്നുമാണ് ചരിത്രം . തുടർന്ന് തുകലശ്ശേരി കുഴിക്കാട്ട് ഗൃഹത്തിൽ ജനിച്ച മഹേശ്വരൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ "കടുശർക്കരയോഗവിധി"പ്രകാരം തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നും കരുതുന്നു.

എങ്ങനെ എത്താം
കണ്ണൂർ ജില്ലയിൽ പഴങ്ങാടിയില്‍ നിന്നും പയ്യന്നൂരിലേക്കുള്ള റൂട്ടിൽ മാടായി എന്ന സ്ഥലത്താണ് മാടായിക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും 22 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 13 കിലോമീറ്ററും തളിപ്പറമ്പിൽ നിന്നും 14.4 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.