
ഭുവനേശ്വർ: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. മണിക്കൂറിൽ 100 കി.മി. വേഗതയിൽ കാറ്റ് നാളെ പുലർച്ചെയോടെ തെക്കൻ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിൽ തീരം തൊടുമെന്നാണ് കരുതുന്നത്. ഇതിനെത്തുടർന്ന് ആന്ധ്രയിലും ഒഡീഷയിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) ജാഗ്രതാ നിർദേശം നൽകി. കാറ്റ് തീരം താെടുന്നതിന് മുമ്പ് ആന്ധ്രയുടെ തീരങ്ങളിൽ കനത്ത മഴ ഉണ്ടാവുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തീരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന ഭീതിയിൽ തീരത്തുനിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. ചുഴലിക്കാറ്റ് ഭീതിയിൽ ഇതുവരെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ 95 ട്രെയിനുകൾ റദ്ദാക്കി. മൂന്നുദിവത്തേക്കാണ് ട്രെയിനുകൾ റദ്ദാക്കിയത്.
രക്ഷാപ്രവർത്തനത്തിനുള്ള തയ്യാറെടുപ്പുകൾ ഇന്നലെ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നത് ഉറപ്പാക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അവശ്യ സേവനങ്ങൾക്ക് തടസമുണ്ടായാൽ ഉടൻ പുനഃസ്ഥാപിക്കാനും ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകി.
ചുഴലിക്കാറ്റ് കേളരത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ. ആന്ധ്രാ ഒഡീഷ തീരത്തേക്കാണ് സഞ്ചാരപാത എന്നതിനാലാണ് കേരളത്തെ ബാധിക്കില്ലെന്ന് വിലയിരുത്തുന്നത്. ശക്തമായ മഴ മുന്നറിയിപ്പും ഇതുവരെ നൽകിയിട്ടില്ല.