ola-scooter-

മുംബയ് : രാജ്യത്ത് വൈദ്യുത വാഹന വിപണിയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുവാൻ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് പിന്നാലെ വൈദ്യുത കാറുകളും നിരത്തിലിറക്കാൻ ഒലയുടെ പദ്ധതി. 2023 ഓടെ ഒലയുടെ ആദ്യ വൈദ്യുത കാർ പുറത്തിറങ്ങും. റോയിട്ടേഴ്സ് നെക്സ്റ്റ് കോൺഫറൻസിലായിരുന്നു ഒല സി ഇ ഒ ഭവിഷ് അഗർവാൾ, ഒലയുടെ ഇലക്ട്രിക് കാറിനെ കുറിച്ച് വെളിപ്പെടുത്തിയത്. രാജ്യത്തെ ആഗോള വൈദ്യുത വാഹന നിർമ്മാണ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിനെ കാത്തിരിക്കുന്നത്. നിലവിൽ പത്ത് ലക്ഷത്തോളം ഓർഡറുകൾ ലഭിച്ചുവെങ്കിലും വിതരണം തുടങ്ങാൻ കമ്പനിക്കായിരുന്നില്ല. ആഗോള തലത്തിൽ ഉണ്ടായ ചിപ്പ് ക്ഷാമം മൂലമാണ് വിതരണം താമസിക്കുന്നത്. ഈ മാസം പകുതിയോടെ സ്‌കൂട്ടർ വിതരണം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന് പുറമേ അടുത്ത വർഷം പകുതിയോടെ ഐ പി ഒ വഴി 7500 കോടി രൂപയുടെ മൂലധന സമാഹരണത്തിനും കമ്പനി പദ്ധതിയിടുന്നുണ്ട്. വാഹനങ്ങളുടെ ബാറ്ററി സെൽ നിർമ്മാണം പ്രാദേശികമായി ആരംഭിക്കുവാനും കമ്പനി പദ്ധതിയിടുന്നു. ഒലയിൽ വൈദ്യുത വാഹന വിഭാഗം പ്രത്യേക കമ്പനിയാക്കാനും ആലോചനയുണ്ട്. കമ്പനിയുടെ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ സൂപ്പർ ആപ്പ് പുറത്തിറക്കും. ഉപഭോക്താക്കൾക്ക് പഴയ കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ആപ്പിൽ സൗകര്യമൊരുക്കും.