
അർബുദം പിടികൂടിയെന്ന് കോടിയേരി ബാലകൃഷ്‌ണൻ തിരിച്ചറിഞ്ഞത് 2019 ഒക്ടോബർ 19 നായിരുന്നു. അടുത്തദിവസം ഇരുപതാം തിയതി തലശേരിയിൽ സി.എച്ച് കണാരൻ ദിനാചരണത്തിൽ കോടിയേരി നിർത്താതെ ഒന്നര മണിക്കൂർ പ്രസംഗിച്ചു. അതേക്കുറിച്ച് ഒരിക്കൽ ഈ ലേഖകൻ ചോദിച്ചപ്പോൾ കോടിയേരിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'അസുഖം ആർക്കും വരാം. നമ്മൾ പതറിപ്പോകരുത്. പിടിച്ചു നിൽക്കണം ." മറ്റാരെങ്കിലുമാണെങ്കിൽ വീണുപോകാമായിരുന്ന രോഗത്തിന്റെ പ്രതിസന്ധിയേയും മക്കളുടെ പേരിൽ ആരോപിക്കപ്പെട്ട ചിലപ്രശ്‌നങ്ങളേയും എല്ലാം അതിജീവിച്ചത് ഈ ഇച്ഛാശക്തി കൊണ്ടായിരുന്നു. അന്ന് ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധ ചികിത്സ തേടണമെന്നുമൊക്കെ നിർബന്ധിച്ചതും വേണ്ട സഹായങ്ങൾ ചെയ്‌തതും മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പാർട്ടിയുടെ ശക്തമായ കരുതൽ കോടിയേരിക്കുണ്ടായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് ജയിൽശിക്ഷയനുഭവിച്ചതടക്കം ത്യാഗോജ്ജ്വലമായ പാതകൾ പിന്നിട്ടാണ് കോടിയേരി ബാലകൃഷ്‌ണൻ കേരളത്തിലെ സിപിഎമ്മിന്റെ അമരത്തെത്തിയത്. ഇപ്പോൾ ഒരു വർഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും സംസ്ഥാന സെക്രട്ടറി പദത്തിലെത്തുമ്പോൾ സാധാരണ പാർട്ടി പ്രവർത്തകർ പോലും ഏറെ സന്തോഷിക്കും. ആർക്കും എപ്പോഴും സമീപിക്കാവുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് കോടിയേരി ബാലകൃഷ്ണൻ.
അമേരിക്കയിൽ ചികിത്സയിലിരിക്കുമ്പോൾ കോടിയേരിക്കുവേണ്ടി കന്യാസ്ത്രീകളായ സിസ്റ്റർമാരും വിവരമറിഞ്ഞെത്തിയ മലയാളി പാസ്റ്ററുമൊക്കെ അവിടെ മുറിയിലെത്തി പ്രാർത്ഥന നടത്തിയിരുന്നു. അവരുടെ വിശ്വാസത്തെ എതിർക്കാതെ സ്നേഹത്തോടെ പ്രതികരിക്കുകയാണ് കോടിയേരി ചെയ്‌തത്.
സിപിഎമ്മിലെ പ്രസന്നമുഖമാണ് കോടിയേരി. ചിരിച്ചുകൊണ്ട് സംസാരിക്കും. എന്നാൽ പാർട്ടി കാർക്കശ്യം നിലപാടുകളിൽ ഉണ്ടുതാനും. പാർട്ടിനയം വിട്ടു കളിക്കില്ല. സിപിഎമ്മിൽ വിഭാഗീയത കത്തിനിന്നപ്പോൾ ഒൗദ്യോഗിക പക്ഷത്തെ കരുത്തനായിരുന്നെങ്കിലും വിഎസുമായി എപ്പോഴും സംസാരിക്കാനുള്ള ബന്ധം കോടിയേരി നിലനിറുത്തി.ഘടക കക്ഷി നേതാക്കൾക്കും പ്രതിപക്ഷത്തിനും പ്രിയങ്കരനാണ്. ആര് സമീപിച്ചാലും ന്യായമായ കാരണമാണെങ്കിൽ കൊടിയുടെ നിറം നോക്കാതെ കോടിയേരി സഹായിക്കും. കണ്ണൂരിലേക്ക് പാർട്ടി കോൺഗ്രസ് വരുമ്പോൾ സംസ്ഥാന സെക്രട്ടറിയുടെ കസേരയിൽ കോടിയേരിയെപ്പോലെ നയചാതുര്യമുള്ള ഒരാൾ വേണമെന്ന് പാർട്ടിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു.
പാർട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിൽ കോടിയേരിപ്പോലൊരു നേതാവിന്റെ സംഘാടക പാടവം പ്രസക്തമാണ് താനും. പാർട്ടി കോൺഗ്രസിനു മുമ്പ് കൊച്ചിയിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ സ്വാഭാവികമായും കോടിയേരി സെക്രട്ടറി സ്ഥാനത്ത് മൂന്നാംവട്ടവും വരുമെന്നതിൽ ആർക്കും സംശയമില്ല. പാർട്ടിയിൽ എന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്‌തനാണ് കോടിയേരി. പിണറായിക്ക് ഒപ്പമേ കോടിയേരി എന്നും നിന്നിട്ടുള്ളു. പാർട്ടി തുടർഭരണം നേടിയതിൽ പിണറായി വിജയൻ കഴിഞ്ഞാൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് കോടിയേരി തന്നെയായിരുന്നു.
സെക്രട്ടറി പദവിയിൽ നിന്ന് അവധിയിലായിരുന്നെങ്കിലും സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും തന്ത്രങ്ങൾ മെനയുന്നതിലുമൊക്കെ കോടിയേരി നിർണായക പങ്ക് വഹിച്ചു. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ കൂട്ടുകെട്ടായി പിണറായി-കോടിയേരി ടീം മാറി. ഇപ്പോൾ വീണ്ടും കോടിയേരി സെക്രട്ടറിയായി വരുമ്പോൾ ആ സഖ്യത്തെ പാർട്ടി അംഗങ്ങളും അണികളും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.