covid-vaccine

ന്യൂഡൽഹി: നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് മുൻനിര ഇന്ത്യൻ ജനിതക ശാസ്‌ത്രജ്ഞർ ശുപാർശ ചെയ്തു. കൊവിഡ് പത്തൊൻപതിന്റെ ജനിതക വകഭേദങ്ങൾ കണ്ടെത്തുന്നതിനായി സർക്കാർ തയ്യാറാക്കിയ ദേശീയ പരിശോധന ലബോറട്ടറികളുടെ ശൃംഖലയായ ഇന്ത്യൻ സാ‌ർസ്- സി ഒ വി-2 ജീനോമിക്സ് സ്വീക്വൻസിംഗ് കൺസോർഷ്യത്തിന്റെ (ഐ എൻ എസ് എ സി ഒ ജി) പ്രതിവാര ബുള്ളറ്റിനിലൂടെയാണ് ശുപാർശ നടത്തിയത്.

രോഗസാദ്ധ്യത കൂടുതലുള്ള, ഇനിയും വാക്സിൻ സ്വീകരിക്കാത്ത ആളുകൾക്ക് വാക്സിൻ നൽകുന്നതും, നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതും പരിഗണിക്കുമെന്ന് ബുള്ളറ്റിനിൽ വെളിപ്പെടുത്തുന്നു. ലോക്സഭയിൽ രാജ്യത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ചർച്ചകൾക്കിടെ, കൊവിഡ് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യമുയർന്നതിനിടയിലാണ് ശാസ്‌ത്രജ്ഞരുടെ ശുപാർശ പുറത്തുവന്നത്.

കൊവിഡിന്റെ വകഭേദങ്ങളുടെ സാന്നിധ്യം നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനസംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിനും ജനിതക നിരീക്ഷണം നിർണായകമാണെന്നും ബുള്ളറ്റിനിൽ ശുപാർശ ചെയ്തു. രോഗബാധിത പ്രദേശങ്ങളിലേയ്ക്ക് പോകുന്നതും വരുന്നതും നിരീക്ഷിക്കണമെന്നും, സമ്പർക്ക പട്ടികകൾ തയ്യാറാക്കണമെന്നും, പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും ശുപാർശയിൽ പ്രതിപാദിക്കുന്നു. നിലവിലുള്ള വാക്സിനുകൾ ഒമിക്രോണിനെ നിർവീര്യമാക്കാൻ പര്യാപ്തമല്ലെന്നും എന്നിരുന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബുള്ളറ്റിനിൽ വെളിപ്പെടുത്തി.