ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ ദിവസമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററിലെത്തിയത്. കുഞ്ഞാലി മരക്കാറുടെ ജീവിതം പറയുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് കാഴ്‌ചകളടങ്ങിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൈന മൂവിസാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

ഷൂട്ടിന് മുമ്പായി മേക്കപ്പിടുന്ന താരങ്ങളാണ് വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. കഥാപാത്രമാകാനായി മണിക്കൂറുകളോളം മേക്കപ്പിന് വേണ്ടി മാത്രം മാറ്റി വച്ചിട്ടുണ്ട്. സുനിൽ ഷെട്ടി, ഹരിഷ് പേരടി, സിദ്ദിഖ്, നന്ദു, അർജുൻ, നെടുമുടി വേണു, മാമുക്കോയ, മുകേഷ്, ഗണേഷ്, ഇന്നസെന്റ് തുടങ്ങിയവരുടെയെല്ലാം മുഖത്ത് മേക്കപ്പിടുന്നത് വീഡിയോയിൽ കാണാം. കൂടാതെ സീനുകൾ ഷൂട്ട് ചെയ്യുന്നതും ബ്രേക്കിനിടയിൽ താരങ്ങൾ ഒന്നിച്ചുകൂടി വർത്തമാനം പറയുന്നതുമെല്ലാം വീഡിയോയിലുണ്ട്. തെന്നിന്ത്യൻ താരങ്ങളായ കിച്ചാസുധിയും നാസറും ലൊക്കേഷനിലെത്തിയതും കൗതുക കാഴ്‌ചയായി. ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.