omicron

ബംഗളൂരു: ഒമിക്രോൺ ആശങ്ക പരക്കുന്നതിനിടെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബംഗളൂരുവിലെത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബംഗളൂരു നഗരസഭ. രാജ്യത്ത് ആദ്യമായി കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വാർത്ത പുറത്തുവന്നത്. വിദേശ യാത്രക്കാരുടെ ബംഗളൂരുവിലെ വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു.

വിദേശികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. നിലവിൽ ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫ് ചെയ്ത നിലയിലാണ്. എന്നാൽ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലെങ്കില്‍ അവരെ കണ്ടെത്താന്‍ കൃത്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അൻപത്തിയേഴ് യാത്രക്കാരാണ് ഇവിടെനിന്നും ബംഗളൂരുവില്‍ എത്തിയത്. ഈ അൻപത്തിയേഴ് പേരില്‍ പത്ത് പേരുടെ വിലാസം കണ്ടെത്താന്‍ ബംഗളൂരു മുന്‍സിപ്പല്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഒഫ് ചെയ്ത നിലയിലാണെന്നും വിലാസം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിൽ രണ്ട് പുരുഷന്മാരിലാണ് രാജ്യത്ത് ആദ്യമായി കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അറുപത്തിയാറും നാൽപ്പത്തിയാറും പ്രായക്കാരായ ഇവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉള്ളുവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.