
ലക്‌നൗ: വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ ടയറുകളിലൊന്ന് രാജസ്ഥാനിലെ ജോധ്പൂരിലെ വ്യോമത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ലക്‌നൗവിൽ വച്ച് ട്രക്കിൽ നിന്ന് മോഷ്ടിക്കപ്പെട്ടു.
ലക്‌നൗ ബക്ഷി തലാബ് എയർ ബേസിൽ നിന്നാണ് മിറാഷ് - 2000 യുദ്ധവിമാനത്തിന്റെ അഞ്ച് പുതിയ ടയറുകൾ അടക്കമുള്ള സൈനിക ഉപകരണങ്ങൾ ട്രക്കിൽ കയറ്റി അയച്ചത്. നവംബർ 27ന് രാത്രിയിൽ ട്രക്ക് ലക്‌നൗവിലെ ഷഹീദ് പാതയിൽ ഗതാഗതക്കുരുക്കിൽപ്പെട്ടു കിടക്കവെയാണ് സംഭവം നടന്നത്. സ്‌കോർപ്പിയോയിൽ എത്തിയ അജ്ഞാത സംഘം ട്രക്കിൽ നിന്ന് ടയർ മോഷ്ടിക്കുകയായിരുന്നു. മോഷണം തിരിച്ചറിഞ്ഞ് ഡ്രൈവർ ട്രക്കിന് പുറത്തേക്ക് വന്നപ്പോഴേയ്ക്കും സംഘം രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. രാത്രി 12.30നും ഒരു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് ട്രക്ക് ഡ്രൈവർ പൊലീസിന് മൊഴി നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡി.സി.പി അമിത് കുമാർ പറഞ്ഞു.