gita-gopinath

കൊച്ചി: ഏഴാം ക്ളാസുവരെ നേടിയത് ശരാശരി 45 ശതമാനം മാർക്ക്. കമ്പം പഠനത്തേക്കാൾ സ്‌പോർട്‌സിലും ഗിത്താറിലും. പക്ഷേ, കാലം പിന്നിട്ടപ്പോഴേക്കും ഈ ശരാശരിക്കാരി പറന്നുയർന്നത് ആഗോള സമ്പദ്‌രംഗം നിയന്ത്രിക്കുന്ന അന്താരാഷ്‌ട്ര നാണയനിധിയുടെ (ഐ.എം.എഫ്) 'നമ്പർ 2" പദവിയിലേക്ക്.

കേരളത്തിനും ഇന്ത്യയ്ക്കാകെയും അഭിമാനമായി മലയാളിയും സാമ്പത്തിക വിദഗ്ദ്ധയുമായ ഗീത ഗോപിനാഥ്, അടുത്തമാസം 21ന് ഐ.എം.എഫിലെ രണ്ടാമത്തെ വലിയ പദവിയായ ഫസ്‌റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ (എഫ്.ഡി.എം.ഡി) സ്ഥാനം ഏറ്റെടുക്കും. 2018 ഒക്‌ടോബർ മുതൽ ഐ.എം.എഫിലെ ചീഫ് ഇക്കണോമിസ്‌റ്റായി പ്രവർത്തിക്കുകയാണ് ഗീത.

കണ്ണൂർ സ്വദേശി ടി.വി. ഗോപിനാഥിന്റെയും വിജയലക്ഷ്‌മിയുടെയും മകൾ. ജനിച്ചത് 1971 ഡിസംബർ എട്ടിന് കൊൽക്കത്തയിൽ. പഠിച്ചതും വളർന്നതും മൈസൂരുവിൽ. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ഗോൾഡ് മെഡലോടെ ബി.എ. ഇക്കണോമിക്‌സ് ബിരുദം. ഡൽഹി സ്‌കൂൾ ഒഫ് ഇക്കണോമിക്‌സ്, വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദം. പ്രിൻസ്‌റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്ഡി... ഏഴാം ക്ളാസിലെ ശരാശരിക്കാരി പിന്നീട് പഠനത്തിൽ മിടുക്കിയായി ബിരുദങ്ങൾ വാരിക്കൂട്ടി.

ഐ.എ.എസ് മോഹം ഉപേക്ഷിച്ചാണ് ഗീത അമേരിക്കയിലേക്ക് പറന്നത്. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതാരംഭം. 2005ൽ ഹാർവാഡ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌ ഡിപ്പാർട്ട്‌മെന്റിൽ അസോസിയേറ്റ് പ്രൊഫസർ.

ജി-20 വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ എമിനന്റ് പേഴ്‌സൺസ് അഡ്വൈസറി ഗ്രൂപ്പംഗമായി പ്രവർത്തിച്ചിട്ടുള്ള ഗീത, 2016-18ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവുമായിരുന്നു. തുടർന്ന് ഐ.എം.എഫിൽ ചീഫ് ഇക്കണോമിസ്‌റ്റായി.

''ഐ.എം.എഫിൽ പുതിയ ചുമതല ലഭിച്ചതിൽ അഭിമാനമുണ്ട്. കൊവിഡിൽ ഒട്ടേറെ ജനവിഭാഗങ്ങളുടെ ജീവിതം ഭദ്രമാക്കിയ, ഐ.എം.എഫിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കൊവിഡ് പ്രതിസന്ധി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത പശ്ചാത്തലത്തിൽ കൂടുതൽ മികവോടെ പ്രവർത്തിക്കാൻ പുതിയ ചുമതല പ്രചോദനമാകുമെന്ന് കരുതുന്നു""

ഗീത ഗോപിനാഥ്.

വിജയഗീതങ്ങൾ

ഗീത ഗോപിനാഥിനെ തേടിയെത്തിയ വിജയകിരീടങ്ങളിൽ ചിലത്:

 ഹാർവാഡ് യൂണിവേഴ്സിറ്റിയുടെ ഇക്കണോമിക്‌സ് വകുപ്പിൽ അമർത്യ സെന്നിന് ശേഷം അസോസിയേറ്റ് പ്രൊഫസറാകുന്ന ആദ്യ ഇന്ത്യക്കാരി

 ഡോ. രഘുറാം രാജന് ശേഷം ഐ.എം.എഫ് ചീഫ് ഇക്കണോമിസ്‌റ്റാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയും പദവി വഹിക്കുന്ന ആദ്യ വനിതയും

 അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഇക്കണോമിക് അഡ്വൈസറി പാനൽ അംഗം

വേൾഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്ത യുവ ലോകനേതാക്കളിൽ ഒരാൾ

 ഫിനാൻഷ്യൽ ടൈംസിന്റെ ഏറ്റവും സ്വാധീനമുള്ള 25 വനിതകളിൽ ഒരാൾ

 ഐ.എം.എഫിലെ ഏറ്റവും പ്രായംകുറഞ്ഞ സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാൾ

 കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ

 പാണ്ഡിത്യമികവിനുള്ള ജോൺ സ്വാൻസ്ട്രാ പ്രൊഫസർ ഒഫ് ഇന്റർനാഷണൽ സ്‌റ്റഡീസ് ആൻഡ് ഇക്കണോമിക്‌സ് ബഹുമതി

 എക്‌സ്‌ചേഞ്ച് റേറ്റ്, വ്യാപാരം, സാമ്പത്തികമാന്ദ്യം, ധനനയം തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ ആർട്ടിക്കിളുകളുടെ രചയിതാവ്