imran-khan

ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റുമായി സെർബിയയിലെ പാകിസ്ഥാൻ എംബസിയുടെ ട്വിറ്റർ പേജ്. ഇമ്രാനെ പരിഹസിക്കുന്ന പാരഡി വീഡിയോയും ഒരു കുറിപ്പുമാണ് എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.

ഇതാണോ ' നയാ പാകിസ്ഥാൻ ( പുതിയ പാകിസ്ഥാൻ ) " എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ്. ' പണപ്പെരുപ്പം മുൻകാല റെക്കോർഡുകൾ ഭേദിക്കുമ്പോൾ, എത്രനാൾ ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ നിശബ്ദരായി നിങ്ങൾക്കായി ജോലി തുടരുമെന്ന് നിങ്ങൾ കരുതുന്നു?​ മൂന്നുമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നതിനാൽ ഫീസ് അടയ്ക്കാൻ കഴിയാതെ ഞങ്ങളുടെ കുട്ടികൾ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഇതാണോ നയാ പാകിസ്ഥാൻ ? " ഇങ്ങനെയാണ് ട്വീറ്റ്. ' എന്നോട് ക്ഷമിക്കു, എനിക്ക് മറ്റൊരു മാർഗവുമില്ല " എന്ന മറ്റൊരു ട്വീറ്റും അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

'പരിഭ്രാന്തരാകേണ്ട " എന്ന് ഇമ്രാൻ പറയുന്ന സന്ദർശം കൂട്ടിയിണക്കിയുള്ളതാണ് പാരഡി വീഡിയോ. അതേ സമയം, പോസ്റ്റ് ചെയ്യപ്പെട്ട് ഏതാനും സമയത്തിനുള്ളിൽ ഇവയെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ, സെർബിയയിലെ പാക് എംബസിയുടെ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കുന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. നേരത്തെ പോസ്റ്റ് ചെയ്യപ്പെട്ടവ പാക് എംബസിയുടേതല്ലെന്നും ട്വീറ്റിൽ പരാമർശിക്കുന്നുണ്ട്. വിഷയത്തിൽ പാക് വിദേശകാര്യ മന്ത്രാലയം അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഡിജിറ്റൽ മീഡിയ വക്താവ് ഡോ. അർസ് ലാൻ ഖാലിദ് അറിയിച്ചു.