തിരുവനന്തപുരം: അറുപത്തിയഞ്ചാമത് തിരുവനന്തപുരം ജില്ല അത്‌ലറ്റിക് മീറ്റിനും പ്രഥമ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിനും യഥാക്രമം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും തുടക്കമായി.
ജില്ലാ അത്‌ലറ്റിക് മീറ്റിൽ ആദ്യ ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 39 പോയിന്റുമായി വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളാണ് മുന്നിൽ. 38 പോയിന്റുമായി സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ തൊട്ടു പിന്നിലുണ്ട്. 36 പോയിന്റുമായി മാമൂട് ബ്രദേഴ്സ് ക്ലബാണ് മൂന്നാമതുള്ളത്.
ഇന്നലെ മൂന്ന് മീറ്റ് റെക്കാഡുകളാണ് പിറന്നത്. അണ്ടർ16 പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ പ്രണതി റസിഡന്റ്സ് അസോസിയേഷനിലെ ആരതി ചന്ദ്രൻ 22 മിനിട്ട് 22.74 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കാഡ് സ്ഥാപിച്ചു. ഇതേവിഭാഗം പെൺകുട്ടികളുടെ ലോംഗ്ജംമ്പിൽ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ശോഭിത രാജു (4.55 മീറ്റർ) , അണ്ടർ18 പെൺകുട്ടികളുടെ 200 മീറ്ററിൽ സായിയിലെ കെ.ആർദ്ര (23.60സെക്കൻഡ്) എന്നിവരും റെക്കാഡോടെ സ്വർണം നേടി. മീറ്റ് നാളെ സമാപിക്കും.
രണ്ട് മീറ്റുകളും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ധ്യാൻചന്ദ് പുരസ്കാരം നേടിയ കെ.സി ലേഖയേയും ഒളിമ്പ്യൻ അലക്സ് ആന്റണിയെയും മന്ത്രി ആദരിച്ചു.