
ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയങ്കരിയാണ് ബാർബി പാവ. തിളക്കമാർന്ന കണ്ണുകളും പട്ടുപോലെ മിനുസമായ ഇടതൂർന്ന തലമുടിയോടും കൂടിയതും അതിമനോഹരമായ ഗൗണുകൾ ധരിച്ചതുമായ ബാർബി പാവകൾ മാത്രമല്ല, പ്രമുഖ വ്യക്തികളിൽ നിന്നുള്ള സ്വാധീനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ട സ്പെഷ്യൽ എഡിഷൻ ബാർബികളും വിപണിയിൽ സജീവമാണ്. അത്തരത്തിൽ സ്പെഷ്യൽ എഡിഷൻ നിരയിലേക്ക് പുതിയതായി ഒരു ഫൈറ്റർ പൈലറ്റിന്റെ രൂപത്തിലാണ് ബാർബി എത്തുന്നത്.
അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് ആക്ഷൻ - അഡ്വഞ്ചർ സിനിമയായ ' ടോപ് ടൺ : മേവറികി "ൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് നിർമ്മാതാക്കളായ മാറ്റെൽ കമ്പനി ഫൈറ്റർ പൈലറ്റ് ബാർബിയെ പുറത്തിറക്കുന്നത്.
സൂപ്പർ താരം ടോം ക്രൂസ് നായകനായെത്തുന്ന ഈ ചിത്രം, 1986ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ' ടോപ്പ് ഗണ്ണി"ന്റെ തുടർച്ചയാണ്. ടോം ക്രൂസിന്റെ കരിയറിലെ ഏറ്റവും വഴിത്തിരിവായ ചിത്രങ്ങളിൽ ഒന്നായിരുന്നു ടോപ്പ് ടൺ. 2022 മേയിലാണ് ടോപ് ടൺ : മേവറികിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ റിലീസ് തീയതി നീണ്ടുപോവുകയായിരുന്നു.
ചിത്രത്തിൽ അമേരിക്കൻ നടി മോണിക്ക ബാർബറോ അവതരിപ്പിക്കുന്ന ' ഫീനിക്സ് " എന്ന പൈലറ്റ് ട്രെയിനി പെൺകുട്ടിയുടെ കഥാപാത്രമാണ് പുത്തൻ ബാർബി പാവയുടെ മോഡൽ. 40 ഡോളർ ( 3,000 രൂപയിലേറെ ) വിലമതിക്കുന്നതാണ് പാവ. അമേരിക്കൻ പതാകയോട് കൂടിയ ആർമി ഗ്രീൻ ജംപ്സ്യൂട്ടും ഹെൽമെറ്റുമാണ് യുദ്ധ വിമാനം പറത്തുന്ന ബാർബിയുടെ യൂണിഫോം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഹെലൻ കെല്ലർ, ബില്ലി ജീൻ കിംഗ്, സാലി റൈഡ്, മായ ആഞ്ചലോ, റോസ പാർക്ക്സ്, എല്ല ഫിറ്റ്‌സ്‌ജെറാൾഡ്, ഫ്ലോറൻസ് നൈറ്റിംഗേൽ, അമേലിയ എയർഹാർട്ട്, കാതറിൻ ജോൺസൺ, എലനോർ റൂസ്‌വെൽറ്റ്, സൂസൻ ബി. ആന്റണി, ഫ്രിഡ കാഹ്‌ലോ, നവോമി ഒസാക, ഇന്ത്യൻ പാരാ ബാഡ്മിന്റൺ ചാമ്പ്യൻ മാനസി ജോഷി തുടങ്ങി ലോകത്തിന് പ്രചോദനമായി മാറിയ വനിതകളുടെ രൂപത്തിലുള്ള ബാർബി പാവകളെ ഇൻസ്പൈറിംഗ് വിമൺ കളക്ഷനിലൂടെ അവതരിപ്പിച്ച് മാറ്റെൽ കമ്പനി ശ്രദ്ധനേടിയിരുന്നു.