
തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരുടെ പൂർണവിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും വിവരം പുറത്തുവിടാനായില്ല. അദ്ധ്യാപകരുടെ കണക്കെടുപ്പ് പൂർത്തിയാകാത്തതിനാലാണ് വിവരം പുറത്തുവിടാത്തതെന്നും നാളെ രാവിലെ ഒൻപതിന് വിവരം പുറത്തുവിടുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.
ഉച്ചയ്‌ക്ക് മുൻപ്‌തന്നെ കണക്ക് പുറത്തുവിടുമെന്നായിരുന്നു ഇന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നത്. എന്നാൽ കൃത്യമായ കണക്ക് വിവരം മുഴുവൻ ലഭ്യമായില്ല. വാക്‌സിനെടുക്കാത്തവരുടെ പേരും മറ്റ് വിവരങ്ങളും ജനം അറിയണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു.
ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ച സ്ഥിതിയ്‌ക്ക് രോഗം കേരളത്തിൽ പടരുന്ന സാഹചര്യം ഒഴിവാക്കി മികച്ച പ്രതിരോധമൊരുക്കാനാണ് സർക്കാർ ശ്രമം. വാക്‌സിനെടുക്കാത്ത അദ്ധ്യാപകരും അനദ്ധ്യാപകരും സ്‌കൂൾ ക്യാമ്പസുകളിൽ പ്രവേശിക്കരുതെന്ന മാർഗരേഖയുമുണ്ടായിരുന്നു. 5000ത്തോളം പേർ എന്നിട്ടും വാക്‌സിനെടുത്തിരുന്നില്ല. ഇവർക്കായി സർക്കാർ തീരുമാനം ലംഘിക്കാൻ കഴിയില്ലെന്ന കർശന നിർദ്ദേശം മന്ത്രി നൽകി. വാക്‌സിനെടുക്കാത്തവർ സമൂഹത്തിന് ഒരു ദുരന്തമുണ്ടാകരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചിരുന്നു.
അതേസമയം ആരോഗ്യപ്രശ്‌നമുളളവരെ വാക്‌സിൻ എടുക്കുന്നതിൽ നിന്നും ഒഴിവാക്കി ഉത്തരവിടണമെന്നാണ് എയ്‌ഡഡ് ഹയർസെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യം. നിലവിൽ വാക്‌സിനെടുക്കാത്തവർക്ക് നോട്ടീസ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ നടപടിയെന്താണെന്ന് ആശയക്കുഴപ്പവും സർക്കാരിനുണ്ട്.