emmanuel-macron

ദുബായ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ദുബായ് സന്ദർശനത്തോടനുബന്ധിച്ച് സുപ്രധാന പ്രതിരോധ കരാറുകളിൽ ഒപ്പു വച്ച് യു.എ.ഇയും ഫ്രാൻസും. ദുബായ് എക്സ്‌പോ നഗരിയിലെത്തിയ മാക്രോണിനെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് ആൽ നഹ്യാൻ സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റഫേൽ ജെറ്റുകൾ വാങ്ങുന്നതടക്കമുള്ള സുപ്രധാന പ്രതിരോധ കരാറുകളിൽ വെള്ളിയാഴ്ച ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. സുവർണ ജൂബിലി ആഘോഷിക്കുന്ന യു.എ.ഇ ജനതയെ മാക്രോൺ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനും മേഖലയിലെ സമാധാന ശ്രമങ്ങളെ പിന്തുണക്കാനും ആഗ്രഹിക്കുന്നതായി മാക്രോൺ ശൈഖ് മുഹമ്മദ് ബിൻ സയിദിനെ അറിയിച്ചു. ഇതു കൂടാതെ നിക്ഷേപം, മറ്റു സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി.