
രണ്ടാം ടെസ്റ്റിൽ ഇന്ത്യ 221/4, മായങ്കിന് സെഞ്ച്വറി
വാങ്കഡെ: ന്യൂസിലൻഡിനെതിരായ രണ്ടാമത്തെയും അവസാനത്തേയും ടെസ്റ്റിൽ ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ 221/4 എന്ന നിലയിൽ. മുംബയിലെ വാങ്കഡേയിൽ മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന മായങ്ക് അഗർവാളാണ് ഇന്ത്യയുടെ രക്ഷകനായത്. 246 പന്ത് നേരിട്ട് 14 ഫോറും 4 സിക്സും ഉൾപ്പെടെ 120 റൺസ് മായങ്ക് നേടിക്കഴിഞ്ഞു. 25 റൺസെടുത്ത് വൃദ്ധിമാൻ സാഹയാണ് മായങ്കിനൊപ്പം ക്രീസിലുള്ളത്. ഭേദിക്കപ്പെടാത്ത 5-ാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 61 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. 4 വിക്കറ്റുമായി കളം നിറഞ്ഞ ഇന്ത്യൻ വംശജനായ കിവി സ്പിന്നർ അജാസ് പട്ടേലാണ് ഇന്ത്യയുടെ റണ്ണൊഴുക്കിന് തടയിട്ടത്.ഇന്നലെ വീണ നാല് വിക്കറ്റും അജാസാണ് സ്വന്തമാക്കിയത്. 70 ഓവറേ ആദ്യ ദിനം കളി നടന്നുള്ളൂ.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ മായങ്കും ശുഭ്മാൻ ഗില്ലും (44) നല്ല തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുപത്തിയെട്ടാമത്തെ ഓവറിലെ രണ്ടാം പന്തിൽ ശുഭ്മാനെ സ്ലിപ്പിൽ റോസ് ടെയ്ലറുടെ കൈയിൽ എത്തിച്ച് അജാസ് ആദ്യ വെടി പൊട്ടിച്ചു. തന്റെ അടുത്ത ഓവറിൽ ആതിഥേയരുടെ ഏറ്റവും വിശ്വസ്തനായ ചേതേശ്വർ പുജാരയെ (0) ക്ലീൻ ബൗൾഡാക്കി അജാസ് കിവികൾക്ക് രണ്ടാമത്തെ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പകരമെത്തിയ നായകൻ വിരാട് കൊഹ്ലിയെ ആ ഓവറിലെ അവസാന പന്തിൽ അജാസ് സംശയകരമായ എൽബിയിൽ പൂജ്യനായി തിരിച്ചയച്ചതോടെ ഇന്ത്യ 80/3 എന്ന നിലയിൽ പ്രതിസന്ധിയിലായി. പിന്നീട് ശ്രേയസ് അയ്യർ(18) മായങ്കിനൊപ്പം അൽപ്പനേരം പിടിച്ചു നിന്ന് കൂട്ടത്തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഇന്ത്യൻ സ്കോർ 160ൽ വച്ച് ശ്രേയസിനെ വിക്കറ്റ് കീപ്പർ ബ്ലൻഡലിന്റെ കൈയിൽ എത്തിച്ച് അജാസ് മടക്കി. അവസാന ഓവറുകളിൽ മായങ്ക് നൽകിയ ഒരു ക്യാച്ച് അവസരം എക്സ്ട്രാ കവറിൽ സൗത്തി കൈക്കലാക്കിയിരുന്നെങ്കിൽ ഇന്നലെ അജാസിന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാമായിരുന്നു.
രഹാനെ, ഇഷാന്ത്,
ജഡേജ പുറത്ത്
ആദ്യടെസ്റ്റിൽ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെ, പേസർ ഇശാന്ത്ശർമ്മ, ആൾ റൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർ രണ്ടാം ടെസ്റ്റിൽ കളിച്ചില്ല. മൂവർക്കും പരിക്കാണെന്നാണ് ബി.സി.സി.ഐ നൽകിയ വിശദീകരണം. ക്യാപ്ടൻ വിരാട് കൊഹ്ലി തിരിച്ചെത്തിയതിനൊപ്പം മുഹമ്മദ് സിറാജ്, ജയന്ത് യാദവ് എന്നിവരും ആദ്യ ഇലവനിൽ ഇടം നേടി.
ഇടത്തേ കൈമുട്ടിന് പരിക്കേറ്റ ന്യൂസിലൻഡ് നായകൻ കേൻ വില്യംസണും രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. ടോം ലതാമാണ് വില്യംസണിന്റെ അഭാവത്തിൽ ന്യൂസിലൻഡിനെ നയിക്കുന്നത്.
കൊഹ്ലിയുടെ ഔട്ട് വിവാദം
ഇന്നലെ അജാസിന്റെ പന്തിൽ നിർഭാഗ്യകരമായ പുറത്താകലായിരുന്നുകൊഹ്ലിയുടേത്. 30-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. കിവി താരങ്ങളുടെ അപ്പീലിൽ ഫീൽഡ് അമ്പയർ അനിൽചൗധരി വിക്കറ്റ് വിളിച്ചെങ്കിലും പന്ത് ആദ്യം ബാറ്റിൽതട്ടിയെന്ന ഉറപ്പിൽകൊഹ്ലി റിവ്യു എടത്തു. വിവിധ ആംഗിളുകളിൽ പരിശോധിച്ചിട്ടും സംശയം മാറാതിരുന്ന തേർഡ് അമ്പയർ വിരേന്ദ്ര ശർമ്മ ഫീൽഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു.ചില ആംഗിളുകളിൽ പന്ത് ആദ്യം ബാറ്റിലാണ് തട്ടിയതെന്ന് വ്യക്തമായിരുന്നു. തന്റെ അതൃപ്തി പ്രകടമാക്കിയ ശേഷമാണ് കൊഹ്ലി ക്രീസ് വിട്ടത്. ഈ വർഷം ഇത് നാലാം തവണയാണ് കൊഹ്ലി ടെസ്റ്റിൽ പൂജ്യനായി പുറത്താകുന്നത്.