
കൊല്ലം: യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. മുഖത്തല കുറുമണ്ണ ഇടയിൽ വീട്ടിൽ അനന്തു കൃഷ്ണൻ (19) ആണ് പിടിയിലായത്. അനന്തുകൃഷ്ണൻ അടക്കമുളള സംഘം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പനയ്ക്കാലം ഗുരുമന്ദിരത്തിനടുത്തുളള വീട്ടിൽ കോൺക്രീറ്റ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഷിവിലാലിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മാസം മുമ്പ് ഷിവിലാലിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണനല്ലൂരിലെ ടർഫ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ, ഈ അക്രമണം നടത്തിയ സംഘത്തിനെ പരാജയപ്പെടുത്തിയിരുന്നു. വിജയാഹ്ലാദ പ്രകടനത്തിനിടെ ഇരുവിഭാഗവും തമ്മിൽ വക്കേറ്റം ഉണ്ടായി. ഇതിന്റെ തുടർച്ചയായിട്ടാണ് ഷിവിലാലിനെ ഇവർ ആക്രമിച്ചത്.
അനന്തു കൃഷ്ണനെ കുറുമണ്ണ നിന്നുമാണ് പൊലീസ് പിടികൂടിയത്. കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്ത് ബി.നായർ, ഷിഹാസ്, ഫിറോസ്ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.