
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ ഒമ്പത് ഷട്ടറുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പുയർന്നു. ഒമ്പത് മണിക്ക് അഞ്ച് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം തമിഴ്‌നാട് ഉയർത്തിയിരുന്നു. പത്ത് മണിയോടെ നാല് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു സെക്കന്റിൽ 7221 ഘനയടി വെളളമാണ് പുറത്തുവിടുന്നത്. , ഒൻപത് മണിവരെ മൂന്ന് ഷട്ടറുകൾ വഴി 3246 ഘനയടി വെളളമായിരുന്നു പുറത്തുവിട്ടിരുന്നത്. രാത്രി ഏഴരമണിയ്‌ക്കാണ് മുൻപ് വെളളം കൂടുതൽ വിട്ടുതുടങ്ങിയിരുന്നത്. ഡാമിൽ നിന്നും കൂടുതൽ ജലം പുറത്തുവിടുന്നതിനാൽ പെരിയാർ തീരത്തുളളവർ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്‌ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ പലയിടത്തും വെളളംകയറുന്ന സ്ഥിതിയുണ്ടായി. ഇതോടെ പ്രദേശവാസികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇപ്പോൾ നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിൽ വെളളംകയറാൻ സാദ്ധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടം കണക്കുകൂട്ടുന്നത്.