death

ലാഹോർ: പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ ഒരു സംഘം ആളുകൾ ചേർന്ന് നടുറോഡിൽ തല്ലിക്കൊന്ന ശേഷം മൃതദേഹം റോഡിലിട്ട് കത്തിച്ചു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് ജില്ലയിൽ ഇന്നലെയാണ് സംഭവം. സ്വകാര്യ ഫാക്ടറിയിലെ ജനറൽ മാനേജറായിരുന്ന പ്രിയന്ത കുമാരയാണ് കൊല്ലപ്പെട്ടത്. 40നും 50നും മദ്ധ്യേ പ്രായമുണ്ട് ഇയാൾക്കെന്ന് പൊലീസ് അറിയിച്ചു.

ഫാക്ടറിയിലെ ജോലിക്കാർ ഉൾപ്പെടെ നൂറോളം പേർ ചേർന്നാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തഹരീക് - ഇ - ലബായിക് ( ടി.എൽ.പി ) എന്ന തീവ്രസംഘടനയുടെ ഖുറാൻ വചനങ്ങളെഴുതിയ പോസ്റ്റർ കുമാര കീറിയെറിഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം.

മുദ്രാവാക്യം വിളിച്ചുകൊണ്ടെത്തിയ ആക്രമി സംഘം കുമാരയെ ഫാക്ടറിയിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദ്ദിക്കുന്നതിന്റെയും പൊലീസ് എത്തുന്നതിന് മുന്നേ മൃതദേഹം റോഡിന് നടുവിൽ വച്ച് കത്തിക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പാക് പൊലീസ് പറഞ്ഞു.