
ജയ്‌പൂർ: ഒമൈക്രോൺ വകഭേദ ഭീഷണി രാജ്യത്ത് നിലനിൽക്കെ രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വിവരം. ഇതിൽ നാലുപേർ വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നാണ്. ജയ്‌പൂരിലാണ് സംഭവം.
ഈ കുടുംബത്തിലെ 14പേരുടെ സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ പരിശോധനയിൽ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ നാലുപേർക്ക് ദക്ഷിണാഫ്രിക്ക യാത്രാ ചരിത്രമുളളതിനാൽ ഇവരെ രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ പ്രവേശിപ്പിച്ചു. ഈ ഒൻപത് പേരുടെയും സാമ്പിളുകൾ ജനിതക ഘടനാ പഠനത്തിനയച്ചതായി ജയ്‌പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ അധികൃതർ അറിയിച്ചു.
ഒരേ കുടുംബാംഗങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്നവരല്ലാത്തവർ വീടുകളിൽ ചികിത്സയിലാണെന്നാണ് അധികൃതർ നൽകുന്ന വിവരം. രാജസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചതിൽ ഏറ്റവുമധികം പ്രതിദിന രോഗികളുളളത് ജയ്‌പൂരിൽ നിന്നാണ്.