ramesh-pisharadi

സേതുരാമയ്യർ എന്ന പേര് മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. മലയാള സിനിമാ ചരിത്രത്തിൽ ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ മറ്റൊരു കുറ്റാന്വേഷണ പരമ്പരയും ഉണ്ടാകില്ല. സിനിമാ പ്രേമികൾക്കിടയിൽ അത്രത്തോളം പ്രഭാവം ചെലുത്തിയ ചിത്രമാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ സി ബി ഐ ചിത്രങ്ങൾ. കെ മധുവിന്റെ സംവിധാന മികവുകൊണ്ടും എസ് എൻ സ്വാമിയുടെ എഴുത്തിലും പിറന്നത് ഉദ്യേഗജനകമായ നാല് ചിത്രങ്ങളാണ്. ഇപ്പോൾ പരമ്പരയിലെ അഞ്ചാം ചിത്രം എത്തുകയാണ്.

കാലത്തിനനുസൃതമായി ചിത്രത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ് എൻ സ്വാമി സൂചിപ്പിച്ചിരുന്നു. ചിത്രത്തിലെ താരഘടനയിലും അത്തരത്തിൽ മാറ്റം ഉണ്ടായിരിക്കുകയാണ്. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഒട്ടേറെ ചിരിപ്പിച്ച രമേശ് പിഷാരടിയാണ് ഇത്തവണ മമ്മൂട്ടിക്കൊപ്പം കേസന്വേഷണത്തിന് ഇറങ്ങുന്നത്. താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന രമേശ് പിഷാരടിയുടെ ചിത്രങ്ങൾക്കും ഏറെ കൈയടി ലഭിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"ഈ ഐഡി കാര്‍ഡിന് നന്ദി" എന്നു പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. "കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപനം ....വളർന്ന് സേതുരാമയ്യർ CBI കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു.ഒരു പക്ഷെ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു". കെ മധുവിനും മമ്മൂട്ടിക്കും നന്ദി പറഞ്ഞുകൊണ്ട് രമേശ് പിഷാരടി കുറിപ്പ് അവസാനിപ്പിക്കുന്നു.

മുകേഷ്, സായ്‍കുമാര്‍, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ ഇരുപത്തിയൊൻപതിനാണ് ചിത്രത്തിന്റെ സ്വിച്ചോൺ കർമം നടന്നത്. നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി.