attack-against-officer

പൂഞ്ഞാർ: കുടുംബ കോടതി ഉത്തരവ് കൈമാറാൻ എത്തിയ ഉദ്യോഗസ്ഥയ്ക്ക് നേരെ കൈയേറ്റം. വിവാഹമോചന കേസിലെ ഉത്തരവ് കൈമാറാൻ എത്തിയ ഉദ്യോഗസ്ഥയെ കക്ഷിയുടെ പിതാവും സഹോദരനും ചേർന്ന് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

പൂഞ്ഞാർ സ്വദേശിനിയായ യുവതിയും തലയോലപറമ്പ് സ്വദേശിയായ യുവാവുമാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. യുവതിയ്‌ക്കൊപ്പമാണ് ഇവരുടെ കുട്ടി ഉണ്ടായിരുന്നത്. കുട്ടിയെ പിതാവിനെ കാണിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ഇതിന് തയ്യാറായില്ല.

തുടർന്ന് ഉത്തരവ് നേരിട്ട് കൈമാറാനാണ് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കുടുംബ കോടതിയിലെ ഉദ്യോഗസ്ഥ വീട്ടിലെത്തിയത്. യുവതിയുടെ ഭർത്താവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ സമയം യുവതി സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിൽ ഉത്തരവ് പതിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ പിതാവും സഹോദരനും കൂടി ഉദ്യോഗസ്ഥയെ മർദിക്കുകയായിരുന്നു.

കല്ലുകൊണ്ടുണ്ടായ ആക്രമണത്തിൽ യുവതിയുടെ ഭർത്താവിനും പരിക്കേറ്റു. തുടർന്ന് ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയേയും കൊണ്ട് യുവതി ജർമനിയിലേക്ക് തിരിച്ചുപോയെന്ന് വിവരമാണ് ലഭിച്ചത്.