
തിരുവല്ല: പെരിങ്ങരയിൽ സി പി എം ലോക്കൽ സെക്രട്ടറിയായ പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വിരോധവുമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. ഒന്നാം പ്രതിയായ ജിഷ്ണുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവുമുണ്ടായിരുന്നു. സന്ദീപിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചതും ജിഷ്ണുവാണ്. കൊലപ്പെടുത്തുന്നതിനായി തന്നെയാണ് ആക്രമിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പൊലീസ് ഇന്ന് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും. അറസ്റ്റിലായ അഞ്ചുപേരും ബി ജെ പി പ്രവർത്തകരാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കേസിൽ യുവമോർച്ച മുൻ ഭാരവാഹി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുതംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (22), വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ (അഭി -25) എന്നിവരാണ് പിടിയിലായത്. കൊലപാതകം, വധഭീഷണി ഉൾപ്പടെയുള്ള എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡിസംബർ രണ്ടിന് രാത്രി മേപ്രാലിൽവച്ചായിരുന്നു സന്ദീപിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നുമായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്.