accident

റിയാദ്: സൗദി അറേബ്യയിലെ ബിശയിൽ വാഹനാപകടത്തിൽ ഒരേകുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് ഇവർ. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിർ(48) ഭാര്യ ഷബ്‌ന(36), മക്കൾ സൈബ(7), സഹ(5), ലുത്‌ഫി എന്നിവരാണ് മരിച്ചത്. ജിസാനിൽ അബ്‌ദുൾ ലത്തീഫ് കമ്പനിയിലേക്ക് ജോലിയായതിനെ തുടർന്ന് ജോലിയ്‌ക്ക് ചേരാൻ ജുബൈലിൽ നിന്നും പോകുകയായിരുന്നു ഇവർ.

വെള‌ളിയാഴ്‌ച രാത്രി കുടുംബം സഞ്ചരിച്ച കാറിന് പിന്നിലേക്ക് മ‌റ്റൊരു കാർ വന്നിടിച്ചാണ് അപകടമുണ്ടായത്. ജിസാനിൽ എത്തേണ്ട സമയമായിട്ടും വിവരമൊന്നും ലഭ്യമല്ലാതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബിശയിലെ അൽ റൈൻ ജനറൽ ആശുപത്രിയിലാണ് ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.