kadakkavur

തിരുവനന്തപുരം: കടയ്‌ക്കാവൂരിൽ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പതിമൂന്ന് വയസുകാരന്റെ ആരോപണം കള‌ളമാണെന്ന അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് തിരുവനന്തപുരം പോക്‌സോ കോടതി അംഗീകരിച്ചു. ഇതോടെ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചു. പോക്‌സോ കോടതി ജഡ്‌ജി കെ.വി രജനീഷാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഇതോടെ കേസിൽ പ്രതിയായിരുന്ന അമ്മ കുറ്റവിമുക്തയായി.

കുട്ടിയുടെ ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു, കുട്ടിയുടെ അച്ഛനൊപ്പം വിദേശത്ത് കഴിയവെ അശ്ളീല വീഡിയോ കുട്ടി കണ്ടത് അമ്മ കണ്ടുപിടിച്ചിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് കുട്ടി അമ്മയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. ഇതിന് ആരുടെയും പ്രേരണയില്ലായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന പരാതിയിൽ ഡിസംബർ 28ന് അമ്മയെ അറസ്‌റ്ര് ചെയ്‌തിരുന്നു. ഇത് ഇവരുടെ മുൻ ഭർത്താവ് മകനെ ഉപയോഗിച്ച് വിരോധം തീർക്കാനാണെന്ന് ആരോപണവിധേയയായ വീട്ടമ്മ പറഞ്ഞിരുന്നു. മൂത്ത മകൻ അമ്മ സഹോദരനെ പീ‌ഡിപ്പിച്ചു എന്ന ആരോപണത്തിൽ ഉറച്ചുനിന്നപ്പോൾ ഇളയമകൻ ആരോപണം കളവാണെന്ന് പറഞ്ഞിരുന്നു.