kk

ഇത് എന്റെ കഥയല്ല .ആത്മാവിന്റേത്.. അല്ലെങ്കിൽ ആത്മാവിനെ തൊട്ടറിഞ്ഞ കഥ. ഞാനറിയാതെ എഴുതിയ കഥ. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണെന്നു തോന്നുന്നു എഴുതാനുള്ള അഭിനിവേശം വീണ്ടും ഉണര്‍ന്നത്. ആത്മാവിനെ പറ്റി എഴുതാന്‍ മനസ് പറയുന്നുണ്ടായിരുന്നു. പക്ഷെ മനസിന്റെ മറ്റൊരു കോണ്‍ പറയുനുണ്ടായിരുന്നു.. സമയമായോ ..

പരമുനായരുടെ ചായക്കടയുടെ മുന്നിലായിരുന്നു ഞങ്ങളുടെ സ്ഥിരം കമ്മറ്റി കൂടല്‍. കണ്ണാടി കൂട്ടിലെ പരിപ്പ് വടയും നീട്ടിയടിച്ച ചായയും ആയിരുന്നു കമ്മറ്റിയുടെ പ്രധാനാഹാരം. ചായയുടെയേം പരിപ്പുവടയുടെയും ശക്തി ഞങ്ങളെ കമ്മ്യൂണിസവും, നക്സലിസവും തുടങ്ങി സാഹിത്യത്തിന്റെ ആഴാങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. ജനിച്ചതൊരു കോവിലകത്ത് ആയതിനാൽ എനിക്കെപ്പോഴും ഒരു ഫ്യുഡല്‍ തമ്പുരാന്റെ സ്ഥാനം ആണ് നല്‍കിയിരുന്നത്. ഒരു ദിവസത്തിന്റെ ഏറ്റവും ഹൃദയമിടിപ്പെറിയ നേരം.. ഒട്ടും സംശയമില്ല .. സായാന്നങ്ങള്‍ തന്നെ. പരമുനായരുടെ ചായക്കടയും വത്സന്റെ പെട്ടിക്കടയും മത്സരമില്ലാതെ തുടര്‍ന്നു. അനാഥമായ ഒഴിഞ്ഞ ബെഞ്ചുകള്‍ ഞങ്ങളുടെ വരവും കാത്ത് ദിവസവും കാത്തിരുന്നു.

ഈ നാലുവഴി കൂടിയ ഹൃദയ ഭാഗത്തായി ആത്മാവ് തലയുയാര്‍ത്തി നിന്നിരുന്നു. ഞങ്ങളിലൊരാളായി.. ഒന്നും മിണ്ടാതെ.. എല്ലാത്തിനും സാക്ഷിയായി. ഞങ്ങള്‍ ഒരിക്കലും ആത്മാവിനെ വേറൊരു സുഹൃത്തായി കണ്ടിരുന്നില്ല പക്ഷെ ഞങ്ങളിലൊരാളായി കൂടെ നിര്‍ത്തിയിരുന്നു. വിഷയ ദാരിദ്ര്യം ഒട്ടും ഉണ്ടായിരുന്നില്ല പക്ഷെ ദാരിദ്ര്യം പോക്കറ്റുകളില്‍ മാത്രമായിരുന്നു. അവിടെ ഞങ്ങള്‍ക്കാശ്വാസമായി എത്തിയിരുന്ന ശ്യാമിന്റെ തടിച്ച പോക്കറ്റുകള്‍ പരമുനയര്‍ക്കു ആശ്വാസമേകിയിരുന്നു. പലപ്പോഴും അഴുക്കു പുരണ്ട രണ്ടിന്റെയും അഞ്ചിന്റെയും നോട്ടുകള്‍ പുറത്തെടുക്കാന്‍ ഒരിക്കലും ശ്യാം അനുവദിച്ചിരുന്നില്ല. പഴയ നോട്ടുകള്‍ പോക്കറ്റില്‍ തന്നെ സ്ഥാനം പിടിച്ചു.

ഒരിക്കലും പിരിയില്ല എന്നാഗ്രഹിച്ച സുഹൃത്തുക്കള്‍, ആ വൈകുന്നേരങ്ങള്‍ ഇന്നെത്രയോ അകലെയാണ്.. തിരക്കേറിയ ജോലിതിരക്കില്‍, വേഗം ഓടി തീര്‍ന്ന ദിവസങ്ങളെ അത്ഭുതത്തോടെ നോക്കി, നര കേറിയ തലമുടിയില്‍ വിരലോടിച്ചു. ആ പഴകിയ നോട്ടിന്റെ മണം, ആ വൈകുന്നേരത്തിന്റെ ഗന്ധം ഈ കാറ്റില്‍ ഉണ്ടായിരുന്നോ? പിന്നിലേക്ക്‌ നോക്കാന്‍ ആരും ഇല്ലാത്തതിനാല്‍ മുന്നോട്ടു തന്നെയായിരുന്നു പ്രയാണം.

വളകളിട്ട വെളുത്ത കൈകള്‍ വേര്‍പെട്ടപോള്‍, ദുഃഖം ആയിരുന്നില്ല മനസ്സില്‍ പകരം ഉയരങ്ങൾ എത്തി പിടിക്കാനുള്ള വെമ്പല്‍ മാത്രമായിരുന്നു. ആ കിതപ്പിനിടയില്‍ എന്റെ തേങ്ങലുകള്‍ ആരും കേട്ടതേയില്ല.

വണ്ടിയിറങ്ങി, സ്റ്റേഷനില്‍ തിരക്കൊട്ടും തന്നെയില്ല.. ഒഴിഞ്ഞ ബെഞ്ചുകള്‍ വീണ്ടും ഒരോര്‍മ്മയായി മുന്നില്‍ നീണ്ടു കിടന്നു. മഴ പെയ്തു തീര്‍ന്ന നടപ്പാതയില്‍ ഒരു റിക്ഷക്ക്‌ വേണ്ടി എന്റെ കണ്ണുകള്‍ പരതി. ഇളകിയാടുന്ന റിക്ഷയില്‍ ഇരിക്കുമ്പോള്‍ മനസെങ്ങോട്ടോ പോവുകയായിരുന്നു. മഴ വീണ്ടും ശാക്തി പ്രാപിച്ചു തുടങ്ങിയിരുന്നു.

ചാറ്റല്‍ മഴ മുഖത്തടിച്ചപ്പോള്‍ ഒരാശ്വാസം. "സാറിവിടെ പുതിയതാണോ"? റിക്ഷ ഡ്രൈവര്‍ ചോദിച്ചു. "അല്ല" തുടരാന്‍ ഇഷ്ടമില്ലാത്ത ഒരു ഉത്തരം. സ്വന്തം നാട്ടില്‍ എന്നെ അനാഥനാക്കിയ ആദ്യത്തെയാള്‍.. തെറ്റ് അയാള്ടെതല്ല. കാലം ഒരുപാടു മാറ്റം വരുത്തിയിരിക്കുന്നു എന്നില്‍. ഒരു നീണ്ട യാത്രയുടെ അവസാന തിരിച്ചുവരവാണോ ഇത് ? അറിയില്ല.

"എവിടേക്ക് എന്ന് പറഞ്ഞില്ല"?

റിക്ഷകാരന്‍ വീണ്ടും മൗനം ഭേദിച്ചു.

"കോവിലകത്തേക്കു".


റിക്ഷ ശബ്ദമുണ്ടാക്കി വലിഞ്ഞു നീങ്ങി. സ്റ്റേഷനിൽ നിന്നും റിക്ഷയിൽ കയറിയപ്പോള്‍ തന്നെ മനസിലായിരുന്നു ഇതു കുഞ്ഞമ്പുവിന്റെ മകന്‍ തന്നെ. ഇപ്പോഴും ഓര്‍മയുണ്ട് കൈ കൊണ്ട് വലിച് തോളില്‍ വച്ച് ഓടിയിരുന്ന കൈ റിക്ഷ്വ ആയിരുന്നു കുഞ്ഞംബുവിന്റെത്. മുത്തശിയുടെ ഒപ്പം അമ്പലത്തിലേക്ക് പോകുമ്പോള്‍ കുഞ്ഞമ്പു ആയിരുന്നു ഓടാന്‍. കുഞ്ഞമ്പുവിനു എന്തോ ദീനം ആയിരുനത്രേ. കുഞ്ഞമ്പുവിന്റെ മാംസപേശികള്‍ വലിഞ്ഞു മുറുകിയിരുന്നോ? അയാള്‍ തൊണ്ട പൊട്ടും വിധം ചുമചിരുന്നോ? നീട്ടിയ കൈകളില്‍ എട്ടണ വച്ച് നീട്ടുമ്പോള്‍, കുഞ്ഞമ്പുവിന്റെ രണ്ടു കണ്ണുകളും പുറത്തേക്കു തള്ളി വന്നിരുന്നു.. വിറയ്ക്കുന്ന കാലുകളുമായി കുഞ്ഞമ്പു ഓട്ടം തുടര്‍ന്നു.. പിന്നെ എപ്പോഴോ അറിഞ്ഞു ആ റിക്ഷ്വ നിശ്ചലമായി എന്ന്. ആത്മാവിന്റെ ചോട്ടില്‍ അത് കുറേക്കാലം വെറുതെ കിടന്നിരുന്നു.

"ഇനിയങ്ങോട്ട് റിക്ഷ പോവില്ല തമ്പ്രാന്‍" .. ഞെട്ടി ഉണര്‍ന്ന ഞാന്‍ .. ശരി ഈവിടെ വിട്ടോളൂ.. നിരത്തില്‍ ഇറങ്ങുമ്പോള്‍ കണ്ടു. കവല ശൂന്യം. ഒരു നിമിത്തമെന്ന പോലെ ആത്മാവിന്റെ മുന്നില്‍ തന്നെ ഇറങ്ങേണ്ടി വന്നു. ആല്‍തറ ശൂന്യം. മഴ മാറിയിരിക്കുന്നു.. പരമു നായരുടെ കട എന്നോ അപ്രത്യക്ഷം ആയിരിക്കുന്നു. ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ ഒരാശ്വാസം പോലെ. ചെറുതായി ഒന്ന് വിയര്‍ത്തു. ഈ മഴയത്തോ ! കുറെ ഭാരം ഇറക്കി വച്ച ഒരു ആശ്വാസം. ദൂരെ നിന്നു കണ്ടു .. ശ്യാം.. തന്റെ വരവും കാത്ത് . "എടൊ താന്‍ മരിച്ചില്ലേ"? എന്റെ ചോദ്യം ശ്യാമിനെ ചിരിപ്പിച്ചു.

"ദുഷ്ട്ടന്മാര്‍ പെട്ടെന്ന് മരിക്കില്ലടോ" സത്യം.. തോള്‍ സഞ്ചി ശ്യാം വാങ്ങി പതുക്കെ നടന്നു നീങ്ങി. ഉമ്മറത് എത്തിയത് അറിഞ്ഞില്ല.. "വൈകുന്നേരം കാണമെടോ" ശ്യാം നടന്നു നീങ്ങി.

കിഴക്കോര്‍ത്തു വിളക്ക് കത്തുനുണ്ടായിരുന്നു. "ഉണ്ണി വന്നോ'? അമ്മയുടെ പതിഞ്ഞ ശബ്ദം. "മൊളോഷ്യം നന്നായി അമ്മെ". അമ്മയുടെ മടിയില്‍ തല ചായ്ച്ചു ഉമ്മറത്ത്‌ കിടന്നു. കിഴകോര്‍ത്തു ഇരുന്നു നന്നായി വെറ്റില മുറുക്കി.. "സുഖം തോനുന്നു ഇപ്പോള്‍".

"എത്തീ എന്നറിഞ്ഞു" ഓപ്പോള്‍ പടി കയറി എത്തി. "ഇപ്പോഴെങ്കിലും വരാന്‍ തോനിയല്ലോ" ഭാഗ്യം. ഓപ്പോള്‍ പറയുന്നുണ്ടായിരുന്നു. "ഇനി എങ്ങോട്ടും പോണ്ട ട്ടോ" "അമ്മയെ നോക്കി കഴിയാം" ഞങ്ങളൊക്കെ ഇല്ലേ ഇവിടെ"?

പടകുളം നിലാവിൽ കാണാമായിരുന്നു. "കുട്ടികള്‍ ഒറ്റക്കാ, ഞാന്‍ ഇറങ്ങട്ടെ" ഓപ്പോള്‍ പടിയിറങ്ങി. "ഉണ്ണി കിടന്നോളൂ" അമ്മ അകത്തേക്ക് പോയി. വടക്ക് കിഴക്കേ മൂലയിലായിരുന്നു മുത്തശ്ശിയെ ദഹിപ്പിച്ച ഇടം. മുത്തശ്ശിയുടെ ചിരിക്കുന്ന മുഖം ഇരുട്ടില്‍ എവിടെയെങ്കിലും ഉണ്ടോ? വെറുതെ പരതി.. രാത്രി എപ്പോഴോ കഴിഞ്ഞിരുന്നു.. ഉറങ്ങിയത് അറിഞ്ഞില്ല.. മുത്തശ്ശിയുടെ തലോടല്‍ ആയിരുന്നോ?
"ഒന്ന് പുറത്തേക്കു പോയി വരാം" അമ്മയുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ പുറത്തേക്ക് ഇറങ്ങി. ചെറിയ ചാറല്‍ മഴ തുടങ്ങിയിരിക്കുന്നു. പരിചയമില്ലാത്ത കുറെ മുഖങ്ങൾ . നിരത്തില്‍ തിരക്കെ ഉണ്ടായിരുന്നില്ല. പരമു നായരുടെ കട ഉണ്ടായിരുന്ന ഇടതു എപ്പോള്‍ ഒരു മതില്‍ ആണ്. ആ സ്ഥലം ആരോ വാങ്ങിയിരിക്കുന്നു. "തമ്പുരാന്‍ എന്നാ വന്നെ?" "ഇന്നലെ"

"മടക്കം" ?

"മടക്കമില്ല" ചെറുതായി ഒന്ന് ചിരിച്ചു.

പടര്‍ന്നു നിന്നിരുന്ന ആത്മാവിനു പഴക്കം ഏറെയായി. ആല്‍ത്തറയില്‍ ഇരുന്നപ്പോള്‍ തോന്നി . "ഇന്നത്തെ മഴക്ക് എന്താ ഒരു പ്രത്യേകത ? ഇന്നത്തെ കാറ്റിനു എന്താ ഒരു പ്രത്യേകത ? ഈ കാറ്റിന് 56 വര്‍ഷത്തെ പഴക്കമുണ്ടോ? ആ ഗന്ധമുണ്ടോ? ഒഴിഞ്ഞ ബെഞ്ചുകളില്‍ എന്റെ കൗമാരം ഇപ്പോഴും നില നില്കുന്നോ? വെറുതെ ഒരു ആഗ്രഹം. സമയം പോയതറിഞ്ഞില്ല.. ആത്മാവിനോട് ചേർന്നിരുന്നു . ടൈം പെസിനോട് വിട.. എന്ത് സമയം ഇനി നോക്കാന്‍.. സമയം ഇനി എന്റേത് മാത്രം..

ഇലകളും ശിഖരങ്ങളും ചലനമറ്റു നിന്നിരുന്നു. ആകാശത്തിന്റെ മാറിലേക്ക്‌ പടർന്നിറങ്ങിയ ശിഖരങ്ങളെ നോക്കി കുറെ നേരം കിടന്നു. ആകാശത്തിന്റെ ഇരുണ്ട മുഖം എന്റെ വൈകിയ വരവില്‍ പരിഭവിച്ചു നില്കുകയാണോ? മഴ എപ്പോള്‍ വേണമെങ്കിലും ആര്‍ത്തലച്ചു വരാം.. വരട്ടെ .. മനസ്സും ഭൂമിയും തണുക്കട്ടെ. ദഹിപ്പിക്കുന്ന ചൂടാണ് പുറത്തും അകത്തും.

"കൊലോത്തൂടിലെ ലക്ഷ്മി കുട്ടി ആണെന്നാണ് പറഞ്ഞ അറിവ്, ഈ ആത്മാവിന്റെ ജീവന് പുതിയൊരു അർത്ഥം നല്‍കിയത്. ഒരു മാവും ഒരു ആലും. ഒന്നിച്ചു വളരട്ടെ .. ലക്ഷ്മി കുട്ടിയമ്മ എന്ന് ജീവിച്ചിരിപ്പില്ല. എന്റെ പ്രായമത്രേ ആത്മാവിനു. നന്നായൊന്നു മയങ്ങിയോ? അറിയില്ല. കുറെ നേരം കഴിഞ്ഞതിനു ശേഷം ആണ് മനസ്സിലായത്..ആരോ ഒരാള്‍ തട്ടി വിളിച്ചു...

"രാത്രി ഏറെയായി" "നന്നായി ഉറങ്ങി അല്ലെ?" "ഒന്ന് ചിരിച്ചു... അതെ.. ഒരു നല്ല സുഖമുള്ള നീണ്ട ഉറക്കം"

അപരിചിതന്‍ എന്നെ നോക്കി. ഞാനും അയാളെ ശ്രദ്ധിച്ചു. എന്റെ ഛായയുള്ള ഞാനോ ? ഉറക്കത്തിന്റെ ആധിക്യം തലച്ചോറില്‍ അനവധി സ്പന്ദനങ്ങള്‍ തീര്‍ത്തു. "വൃശ്ചികം തുടങ്ങി പക്ഷെ മഴ ഇതുവരെ മാറിയിട്ടില്ല". ഇത്തവണ വിളവോക്കെ മോശയിരികുന്നു. ഒരു ആത്മഗതമെന്നോനും അയാള്‍ പറഞ്ഞു. "നശിച്ച മഴ".
"മഴയെ ശപിക്കരുത്.. മനസും, ശരീരവും, ഭൂമിയും പിന്നെ ആത്മാവും, ഒക്കെ തണുത്തു മരവിക്കട്ടെ ".. മഴയ്ക്ക് മാത്രമേ അതിനുകഴിയൂ.. പുതിയ ജീവന്റെ നാമ്പുകള്‍ മഴയില്‍ കിള്ളുര്കട്ടെ..

"ഉറക്കം കഴിഞ്ഞപ്പോളാണ് ..മനസിലായത് ... പണ്ടത്തെ ഒരു ഉന്മേഷം തിരിച്ചു കിട്ടിയ പോലെ.. "എങ്ങോട്ടാ"? അപരിചിതൻ "തെക്ക് ഭാഗത്തേക്കാ " എന്ന് ഞാനും

"എന്നാ ഞാനും അങ്ങോട്ട്‌ തന്നെയാ"

എന്റെ നടത്തത്തിനു ഒരു ശക്തി ആര്‍ജിച്ചത് പോലെ.. കാലുകള്‍ പ്രായമൊക്കെ മറന്നോ? ഒരു ചെറിയ കുട്ടിയുടെ ചുറു ചുറുക്കോടെ നിരത്തില്‍ നടന്നു നീങ്ങി. എവിടെയൊക്കെയാണ് മാറ്റങ്ങൾ,? എന്തൊരു മാറ്റമാണ്? മാറ്റങ്ങള്‍ ഇല്ലാത്തത് കാവും പരിസരവും മാത്രം. താലപ്പോലി ഉത്സവം കാവിന്റെ അസ്ഥിത്വം വിളിച്ചു കാട്ടുന്നു. ഇത് കണ്ടില്ലേ.. ഇനി ഞങ്ങളുടെ ദിവസങ്ങള്‍ ആണ് ഈ മൂനു ദിവസം.. എതിരെല്പ്പു തൊഴാന്‍ വല്ല്യംമാവനോടൊപ്പം നടന്നു നീങ്ങണം. കോവിലകത്തെ പുതിയ തലമുറക്കാര്‍ കണ്ടു പഠിക്കണം, ആചാരങ്ങളും, ഒക്കെ. ആ വഴിയിലൂടെ സഞ്ചരിക്കേണ്ടതല്ലേ

ഭഗവതി സന്തോഷിച്ചിരിക്കുന്നു.. മേള കൊഴുപ്പിന്റെ ഉന്മാദത്തില്‍ ഭഗവതി മയങ്ങി നില്കുന്നു.. പച്ച മത്താപ്പും, ചുകന്ന മത്താപ്പും ഭഗവതിയെ സന്തോഷവതിയാക്കുന്നു. "ഭഗവതിയുടെ പ്രസാദം" എന്തൊരു രുചി ആണെന്നോ ആ തണ്ണീരാമൃത്തിന്? നെയ്യിന്റെ മണം ദേ ഈ കയ്യില്‍ നിന്നു പോയിട്ടില്ല.

താലപ്പോലിയും, ഭരണിയും കാവിന്റെ ഹൃദയ മിടിപ്പുകള്‍ ആണ്. ഉറഞ്ഞു തുള്ളുന്ന കോമരങ്ങളും പൊടി പാറുന്ന കാവും ഇനിയും ഇനിയും കാണാന്‍ കൊതിപ്പിക്കുന്നു.

ഈ കാണുന്നതാണ് കുളിക്കാനുള്ള വട്ടകുളം. എല്ലാ ഭരണിക്കും ഒരാള്‍ മുങ്ങി മരിക്കാറുണ്ട്. മഞ്ഞു മൂടിയ വട്ടകുളത്തിന് മുകളില്‍ ആത്മാക്കള്‍ വട്ടമിട്ടു പറക്കുന്നുണ്ടോ? തണുത്ത വെള്ളത്തില്‍ കാല്‍ കഴുകി പടവ് കയറി.. "സൂക്ഷിക്കൂ കേട്ടോ" പരിചയമില്ലാത്ത സ്ഥലമല്ലേ? ഞാന്‍ അപരിചിതനോട് പറഞ്ഞു. ഒരു ചിരിയോടെ അദ്ദേഹം തലയാട്ടി. "പറഞ്ഞോളൂ ഞാന്‍ കേള്കുന്നുണ്ട്" അദ്ദേഹം അരികിലായി നടന്നു എന്നോടൊപ്പം!!

"മഴയ്ക്ക് മുന്‍പ് എത്തണം" വേഗം നടക്കാം.. "മുന്‍പെങ്ങും ഇവിടെ കണ്ടിട്ടില്ലാലോ?
"അതെ ഇടക്ക് വരാറുണ്ട്" "എന്നെ പോലെ തന്നെ അല്ലെ ?" ഞാന്‍ ഒരു ചിരിയോടെ പറഞ്ഞു
"കാവ്‌ കഴിഞ്ഞു കാണുന്ന ഈ പാടവും പറമ്പും ഒക്കെ എന്റെതാണ്" 1972 ഇല്‍ വാങ്ങിയതാണ്.. ഭൂമി ചതിക്കില്ല നല്ല ഒരു ഇൻവെസ്റ്റ്‌മെനറ് തന്നെ ആണ് . കുട്ടികള്‍ക്കായി ഒരു സമ്പാദ്യം. മകള്‍ ഓസട്രലിയില്‍ ആണ്.. മകന്‍ ഇന്ത്യയില്‍ തന്നെ. ഭാര്യ എന്നോടൊപ്പം അന്നും ഇന്നും ഒരു നിഴലായി".

"ഇതൊക്കെ ഒരു സൂക്ഷിപ്പ് കാരന്റെ ജോലി മാത്രം.. കൈമാറുന്നു അത് വീണ്ടും കൈമാറ്റം ചെയ്തിടുന്നു"..ഇനി എന്റെ പാദങ്ങള്‍ തേഞ്ഞു തീരട്ടെ.. ഇനി എത്രയോ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു ".

"കുറെ നടന്നു അല്ലേ ? "സാരമില്ല" അപരിചിതന്‍ പറഞ്ഞു.. "ആ പടിപുര കടന്നാല്‍ കാണുന്നതാണ് എന്റെ വീട്" കയറിയിട്ട് പോകാം !

തിരക്കേറിയ കിഴകെ വരാന്തയില്‍ തേനീച്ച കൂടിന്റെ മൂളല്‍.. അനവധി ആള്‍കാര്‍. എന്റെ മുന്നില്‍ കാണുന്ന മുഖങ്ങളില്‍ ഇരുണ്ട മൂകത.. അകത്തളങ്ങളില്‍ നിന്നുയരുന്ന തേങ്ങല്‍.. അപരിചിതന്‍ എന്നെ താങ്ങിയിരുന്നു. അപരിചിതന് മരണത്തിന്റെ ഗന്ധം ഉണ്ടായിരുന്നുന്നുവോ?

നമുക്ക് യാത്രയാവാം അല്ലേ?! കുറെ ദൂരം സഞ്ചരിക്കേണ്ടതല്ലേ? ഇനി ഞാനുണ്ട് കൂടെ "". "അപരിചിതന്നോടൊപ്പം ഞാന്‍ യാത്ര തുടരട്ടെ?

പെട്ടെന്നാണ് മുഖത്ത് വീണ മഴത്തുള്ളികള്‍ എന്നെ ഉണര്‍ത്തി.. "എഴുന്നേൽക്കൂ .. എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു? എന്റെ പ്രിയ എന്‍ അരികിലെത്തി. വീട്ടിലേക്ക്‌ നടക്കുമ്പോള്‍.. തോന്നി .. എല്ലാം ഒരു സ്വപ്നം പോലെ.. ആത്മാവിന്റെ ശിഖരങ്ങളിൽ നിന്നു കാക്കകള്‍ പറന്നുയര്‍ന്നു. ഭഗവതി ശക്തി കേന്ദ്രത്തില്‍ പ്രവേശിച്ചു.. അകത്തേക്ക് എഴുന്നെള്ളിച്ചു. ഇനിയൊരു ഹൃദയ തുടിപ്പിന്റെ താളത്തിന് വേണ്ടി, മേള കൊഴുപ്പിന്റെ സുഖം അറിയാന്‍, ഭഗവതിയെ കണ്കുളിര്കെ തൊഴാന്‍ ... അവിടുത്തെ അടിമയായി ഇതാ ഞാനെതിയിരികുന്നു..