kk

കൊച്ചി: മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്. . സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്.

പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളുള്‍പ്പെടെ 17പേര്‍ക്കെതിരേ കേസെടുത്തതായും കമ്മിഷണര്‍ വ്യക്തമാക്കി. സൈജുവിന്റെ ഫോണില്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൂടാതെ മറ്റു കണ്ടെത്തലുകളുടെ കൂടി അടിസ്ഥാനത്തിലാണ് സൈജുനൊപ്പം പാര്‍ട്ടികളിൽ പങ്കെടുത്തവരെ കസ്റ്റഡിയിലെടുക്കുന്നത്. വിവിധ ജില്ലകളിലായി നടന്ന ലഹരി പാര്‍ട്ടികളില്‍ സൈജുവിനൊപ്പം ഉണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള 17 പേരെയാണ് ഉടന്‍ കസ്റ്റഡിയിലെടുക്കുക.


മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ലഹരി ഇടപാടുകള്‍ സംബന്ധിച്ച് ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും പൊലീസിന് ലഭിച്ചത്. ഇത് കൂടാതെ ലഹരി ഉപയോഗം സംബന്ധിച്ച കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചതായി കമ്മിഷണര്‍ പറഞ്ഞു.

സൈജുവിനെതിരെ വിവിധ ജില്ലകളിലായി ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈജുവിന്റെ ഫോണിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള മൂന്ന് ഫ്ലാറ്റുകളിലാണ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. ഇതിലൊന്ന് സൈജുവിന്റെ ഫ്ലാറ്റാണ്. ഒന്നാം ലോക്ഡൗണിന് ശേഷമാണ് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ ആരംഭിച്ചത്.