ബ്രസൽസ് : ബെൽജിയത്തിലെ ആന്റ്‌വെർപ് മൃഗശാലയിൽ രണ്ട് ഹിപ്പൊപ്പൊട്ടാമസുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് മൃഗശാല അധികൃതർ.
ഹിപ്പൊകൾക്കിടയിൽ ഇതാദ്യമായാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. നേരത്തെ കുരങ്ങുകളിലും നായ, പൂച്ച എന്നിവയിലും കൊവിഡ് ബാധ കണ്ടെത്തിയിരുന്നു.
14 വയസുള്ള ഇമാനി, 41 വയസുള്ള ഹെർമിയൻ എന്നീ ഹിപ്പൊകൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ഹിപ്പൊകളിലും ഗുരുതരമായ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവയ്ക്ക് ശക്തമായ മൂക്കൊലിപ്പ് ഉണ്ടായിരുന്നു.
ഹിപ്പൊകളെ പരിചരിച്ചിരുന്ന ജീവനക്കാരെല്ലാം നിലവിൽ കൊവിഡ് നെഗറ്റീവാണ്. കഴിഞ്ഞ ദിവസം കാനഡയിൽ മൂന്ന് മാനുകൾക്ക് കൊവിഡ് കണ്ടെത്തിയതിന് പിന്നാലെയാണ് ജന്തുലോകത്ത് നിന്ന് വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.